അടൂര്‍:തൊഴുത്തില്‍ അന്തിയുറങ്ങുന്ന സുഹൃത്തിന്റെ കുടുംബത്തിനുള്ള സ്നേഹസമ്മാനം ഗിരീഷ് ഇന്ന് കൈമാറും. പറക്കോട് പി.ജി.എം. ബോയ്സ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രസിഡന്റായ ഗിരീഷാണ് കൂട്ടുകാരന് കണ്ണന് കിടപ്പിടം ഒരുക്കാന്‍ മുത്തശ്ശിയുടെ ഓഹരിയില്‍നിന്ന് അഞ്ച് സെന്റ് സ്ഥലം നല്‍കുന്നത്. സീഡ് ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വംനല്കുന്ന ഗിരീഷിന്റെ സ്നേഹസമ്മാനമാണ് ഈ ഭൂമിദാനം. സ്കൂള്‍ ഹെഡ്മിസ്ട്രസ് എ.ജയലക്ഷ്മി, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ് എന്നിവരുടെ പിന്തുണയിലാണ് ഗിരീഷിന്റെ മുത്തശ്ശി രമണി കൊച്ചുമകന്റെ ആഗ്രഹം നടത്തിക്കൊടുക്കുന്നത്.
ഈ വസ്തുവില്‍ സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും വിദ്യാര്‍ഥികളുടെയും സുമനസ്സുകളുടെയും സഹകരണത്തില്‍ ഒരു സ്നേഹവീട് ഉയരും. ബുധനാഴ്ച രാവിലെ 10ന് എ.ഡി.എം. സലിംരാജ് വസ്തുരേഖ കണ്ണന്റെ കുടുംബത്തിന് കൈമാറും. ഭവനനിര്മ്മാണഫണ്ട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. പഴകുളം മധു ഏറ്റുവാങ്ങും. സ്പീഡ് കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷിന്റെ വരയരങ്ങും പരാപാടിയുടെ ഭാഗമായി ഉണ്ടാകും. അടൂര്‍ നഗരസഭാ ചെയര്മാന് ഉമ്മന്‍ തോമസ് അധ്യക്ഷതവഹിക്കും