ചാന്നാനിക്കാട്: ഒരു തണലും ഒരുപാട് ഫലങ്ങളും വരും തലമുറയ്ക്കായി കരുതിവെയ്ക്കണമെന്ന ആഗ്രഹം അവരെ വിദ്യാലയത്തിലെ പഠനമുറി വിട്ട് പ്രകൃതിയിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചു. മണ്ണ് നിറച്ച കൂടുകളില്‍ വൃക്ഷത്തൈകളുമേന്തി വരിവരിയായി വിദ്യാലയത്തിന് സമീപത്തെ പാതയോരം ലക്ഷ്യമാക്കി അവര്‍ നടന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ' സീഡ് ' പ്രവര്‍ത്തകരാണ് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വേറിട്ട അനുഭവമാക്കിയത്.
ചാന്നാനിക്കാട് കുന്നത്തുകടവ് ഭാഗത്തെ പാടശേഖരം മുറിച്ചുകടക്കുന്ന പാതയോരം സൗന്ദര്യവത്കരിക്കാന്‍ സീഡ് അംഗങ്ങള്‍ തീരുമാനിച്ചപ്പോള്‍ സ്‌കുള്‍ അധികൃതരും രക്ഷാകര്‍തൃസമിതിയും പൂര്‍ണ പിന്തുണയുമായെത്തി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഗ്രാമപ്പഞ്ചായത്ത് പ്രതിനിധിയും ചേര്‍ന്ന് വൃക്ഷത്തൈനടീല്‍ ആഘോഷമാക്കി. പണിയായുധങ്ങളും ചാണകവും വെള്ളമൊഴിക്കാന്‍ പാത്രവും കരുതിയാണ് കുട്ടികള്‍ എത്തിയത്.
നെല്ല്, മാവ്, പ്ലാവ്, മഹാഗണി, ഉദി, കുമ്പിള്‍ തുടങ്ങിയവയാണ് നട്ടത്. എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറി എ.ജി. തങ്കപ്പന്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എം. ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ തൈ നട്ടു. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് അംഗം രാജശേഖരന്‍, പി.ടി.എ. പ്രസിഡന്റ് ജയിംസ് മാത്യു, സ്‌കുള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയപ്രസാദ്, പ്രഥമാധ്യാപിക അനിത സാബു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിവ്യ കേശവന്‍, പി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.