ബേളൂര്‍: മിഠായിക്കായി നീക്കിവെക്കുന്ന ചില്ലറത്തുട്ടുകള്‍ കൂട്ടിവെച്ച് സ്‌നേഹത്തിന്റെ തണലൊരുക്കുകയാണ് ബേളൂര്‍ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സ്‌കൂള്‍ സീഡ് പോലീസിന്റെ നേതൃത്വത്തിലാണ് നന്മയുടെ നല്ല പാഠം കുഞ്ഞുങ്ങളിലേക്ക് പടര്‍ത്താനുള്ള പദ്ധതി തുടങ്ങിയിരിക്കുന്നത്. പിറന്നാള്‍ദിനത്തില്‍ മിഠായിക്കായി മാറ്റിവെക്കുന്നതില്‍ ഒരുവിഹിതം സ്‌നേഹസാന്ത്വനത്തിന് കൈമാറാന്‍ സ്‌കൂളിലെ കുട്ടികള്‍ മത്സരിക്കുകയാണ്.
പി.ടി.എ.യും മദര്‍ പി.ടി.എ.യും അധ്യാപകരും ജീവനക്കാരും കുട്ടികളുടെ എളിയ ശ്രമത്തിനൊപ്പം കൈകോര്‍ത്തു. പി.ടി.എ. പ്രസിഡന്റ് കെ.മധു ആദ്യ സംഭാവന നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ കെ.വിജയന്‍ തുക ഏറ്റുവാങ്ങി.തുക സംഭരിക്കുന്നതിനുള്ള പെട്ടി സ്‌കൂള്‍ ഓഫീസിനുമുന്നിലാണ് ദിവസവും വെക്കുക. അത് വെക്കാനും എടുക്കാനും രണ്ടാഴ്ചതോറും തുറന്ന് പണം എണ്ണി കണക്കുവെക്കാനും സീഡ് ക്ലബ് അംഗങ്ങളായ എട്ടുപേരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അര്‍ഹരായവരെ കണ്ടെത്തി സഹായം ഓണനാളില്‍ നല്‍കാനാണ് പദ്ധതിയെന്ന് സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എം.ഹരിപ്രിയ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ കെ.രാജലക്ഷ്മി സംസാരിച്ചു.