ഇലക്കറികളുമായി ഏറ്റുകുടുക്കയിലെ 'സീഡ്' ക്ലബ്

Posted By : knradmin On 22nd August 2013


 പയ്യന്നൂര്‍: പഴയകാലത്തിന്റെ ഇലക്കറി സമൃദ്ധിയെ ഓര്‍മിപ്പിച്ച് ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിലെ കുട്ടികള്‍ സദ്യയൊരുക്കി. മുന്നൂറോളം കുട്ടികളാണ് വൈവിധ്യമാര്‍ന്ന ഇലക്കറികള്‍ കൂട്ടി സദ്യയുണ്ടത്. താള്, തവര, ചേനയില, മുരിങ്ങയില, കൊടുത്തചീര, സാമ്പാര്‍ചീര, പച്ചച്ചീര, ചുവന്നചീര, ചെഞ്ചീര, പയര്‍ ഇല, മത്തനില, കുമ്പളം ഇല, തഴുതാമ, കുടങ്ങല്‍ ഇല എന്നിവ കൊണ്ടുണ്ടാക്കിയ കറികളാണ് സദ്യയില്‍ വിളമ്പിയത്. പുതിയ കാലത്ത് തീന്‍മേശയില്‍നിന്ന് അപ്രത്യക്ഷമായ ഇലക്കറികളുടെ ഗുണവും രുചിയും കുട്ടികള്‍ അനുഭവിച്ചറിഞ്ഞു. 

സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രനും സഹ അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പുതുവര്‍ഷത്തിലെ പച്ചക്കറി സമൃദ്ധിക്കായി നാടന്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം പ്രഥമാധ്യാപിക സി.ശ്രീലത നിര്‍വഹിച്ചു.