ചേര്‍ത്തല: സ്കൂള്‍ മുറ്റത്തെ അന്‍പതുസെന്റ് സ്ഥലത്ത് കരനെല്‍ കൃഷിക്കായി വിത്തിറക്കി തങ്കി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാരമ്പര്യ കൃഷി രീതികളുടെ അറിവുകള്‍ തേടിയാണ് കുട്ടികള്‍ കര്‍ഷക വേഷമണിയുന്നത്. മികച്ച തയ്യാറെടുപ്പുകളോടെയാണ് കുട്ടികള്‍ മണ്ണുമായി പോരടിക്കുന്നത്.
ജെ.ആര്‍.സി., സ്കൗട്ട് എന്നീ സംഘടനകളുടെ സഹകരണത്തിലാണ് കൃഷി. കടക്കരപ്പള്ളി കൃഷി ഓഫീസര്‍ എന്‍.ജി. വ്യാസ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മുന്‍നിരയിലുണ്ട്. "ഡ്രം സീഡര്‍' ഉപയോഗിച്ച വിത്തു വിതയ്ക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്കൂളാണിതെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.
നാട്ടില്‍നിന്ന് മറയുന്ന കൃഷിസംസ്കാരത്തെ മടക്കിവിളിക്കാനുള്ള പാഠമാണ് സ്കൂള്‍ മുറ്റത്തുനിന്നും കുട്ടികള്‍ നല്‍കുന്നതെന്ന് സ്കൂള്‍ പ്രധാന അധ്യാപകന്‍ കെ.എം. ജേക്കബും സീഡ് കോഡിനേറ്റര്‍ മോഡി ജോണും പറഞ്ഞു.
ആത്മയുടെ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ജോജി, കൃഷി അസിസ്റ്റന്റുമാരായ സൗമ്യ, പ്രീതി എന്നിവരും കര്‍ഷകരായ ചന്ദ്രബാബു, ചാണ്ടി അന്ത്രപ്പേര്‍ എന്നിവരും സഹായങ്ങള്‍ നല്‍കുന്നുണ്ട്.