വൃക്ഷങ്ങളെ അടുത്തറിയാന്‍ സീഡ് വിദ്യാര്‍ഥികള്‍ക്കായി "സീസണ്‍ വാച്ച്'

Posted By : Seed SPOC, Alappuzha On 20th August 2013


 

 
ചാരുംമൂട്: മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ ഭാഗമായി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കും സീഡ് ക്ലബ്ബിലെ കുട്ടികള്‍ക്കുമായി "സീസണ്‍ വാച്ച്' ശില്പശാല നടത്തി.
ചാരുംമൂട് മേഖലയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തു. 
തിരഞ്ഞെടുത്ത പ്രത്യേക ഇനത്തില്‍പ്പെട്ട വൃക്ഷങ്ങള്‍ പൂക്കുന്നതിലും കായ്ക്കുന്നതിലും തളിരിടുന്നതിലുമുള്ള മാറ്റ ക്രമവിവരങ്ങള്‍ സന്നദ്ധ സേവകര്‍ ശേഖരിക്കുന്ന ദേശീയതലപദ്ധതിയാണ് സീസണ്‍ വാച്ച്. കേരളത്തില്‍ "മാതൃഭൂമി സീഡ്' പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ സീഡ് കുട്ടികളാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
 കേരളത്തിലെമ്പാടും കണിക്കൊന്ന പൂക്കുന്ന സമയത്തില്‍ മാറ്റം എങ്ങനെ സംഭവിക്കുന്നു? സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ കഴിഞ്ഞവര്‍ഷം പെയ്ത മഴയും ഈ വര്‍ഷം പുളി കായ്ക്കുന്നതുമായി ബന്ധമുണ്ടോ? മാവ് പൂക്കുന്നതിന്റെയും കായ്ക്കുന്നതിന്റെയും വര്‍ഷാവര്‍ഷമുള്ള മാറ്റം, ശീതകാല താപനിലയുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇത്തരത്തിലുള്ള നിരീക്ഷണ വിവരങ്ങളാണ് കുട്ടികള്‍ ശേഖരിക്കേണ്ടത്.
 സ്കൂള്‍വളപ്പിലോ ചുറ്റുവട്ടത്തോ ഉള്ള വൃക്ഷങ്ങളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ടത്. പ്ലാവ്, ഇലഞ്ഞി, കടമ്പ്, ഞാവല്‍, അത്തി, ആവല്‍, നെല്ലി, അരയാല്‍, കുമ്പിള്‍, മാവ്, കൂവളം, ഉങ്ങ്, കണിക്കൊന്ന, അശോകം, ഗുല്‍മോഹര്‍, മുള്ളിലവ് തുടങ്ങി ഇരുപത്തിയഞ്ച് വൃക്ഷങ്ങളാണ് സീസണ്‍വാച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൃക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള ഗൈഡ് സീസണ്‍വാച്ച് വെബ്‌സൈറ്റിലുണ്ട്. 
                            ഈ വൃക്ഷങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 2011 മാര്‍ച്ചിലെ മാതൃഭൂമി വിദ്യയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും ഒരിക്കല്‍ വൃക്ഷങ്ങളെ നിരീക്ഷിച്ചാണ് ഡാറ്റ തയ്യാറാക്കേണ്ടതെന്ന് ശില്പശാലയില്‍ ക്ലാസ്സെടുത്ത സീസണ്‍വാച്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ പറഞ്ഞു.പ്ലാസ്റ്റിക് മാലിന്യ വിപത്തുകളെക്കുറിച്ച് സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ ക്ലാസ്സെടുത്തു. 
    പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതിയില്‍ താമരക്കുളം വി.വി.എച്ച്.എസ്.എസ്സിനെയും, ചത്തിയറ വി.എച്ച്.എസ്.എസ്സിനെയും ഉള്‍പ്പെടുത്തി. മാതൃഭൂമി ചാരുംമൂട് ലേഖകന്‍ ഡി.രാജേഷ്കുമാര്‍ പങ്കെടുത്തു.