കുട്ടികളാണെങ്കിലും അവര്‍ മുദ്രാവാക്യം വിളിച്ചത് ആത്മാര്‍ഥമായിട്ടായിരുന്നു. അത് പഠിപ്പുമുടക്കാനൊന്നുമായിരുന്നില്ല, പ്രകൃതിയെ സംരക്ഷിക്കാനായിരുന്നു. നെല്ലിക്കുന്ന് സെന്റ്‌സെബാസ്റ്റ്യന്‍സ് കോണ്‍വെന്റ് ജി.എച്ച്. സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ പ്രകടനമടക്കുമുള്ള പരിപാടികള്‍ ഒരുക്കിയത്.
മരത്തിന്റെ തൈ വിദ്യാര്‍ഥി പ്രതിനിധിക്ക് നല്‍കി ഹെഡ്മിസ്ട്രസ് പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ മത്സരം നടത്തുകയും സമ്മാനങ്ങള്‍നല്‍കുകയും ചെയ്തു. വീട്ടില്‍ നിന്നുമുണ്ടാക്കിക്കൊണ്ടുവന്ന പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി കുട്ടികള്‍ പ്രകടനം നടത്തി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് തങ്ങളോരോരുത്തരുടെയും കടമയാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളോടെ ഭാവിതലമുറ നടത്തിയ റാലി ഹൃദ്യമായിരുന്നു.
സീഡ് പദ്ധതിയുടെ ഭാഗമായി ജനവരിയില്‍ ലഭിച്ച വിത്ത് കൃഷി ചെയ്തു വിളയിച്ച പച്ചക്കറി 9-ാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ പുഷ്പാംഗദന്‍ ക്ലാസ് ടീച്ചര്‍ക്ക് നല്‍കി. ഈ മണ്ണും പച്ചപ്പും മായാതെ സൂക്ഷിക്കേണ്ടത് നമ്മളോരോരുത്തരുമാണെന്ന് ഉറക്കെ പറയാന്‍ കുട്ടികള്‍ക്ക് സാധിച്ചു.