'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' വിദ്യാര്‍ഥിസമൂഹം ഏറ്റെടുക്കുന്നു

Posted By : Seed SPOC, Alappuzha On 31st October 2015


 
ആലപ്പുഴ: മാതൃഭൂമി സീഡ് നടപ്പാക്കുന്ന കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിന് വിദ്യാര്‍ഥികളുടെ നിറഞ്ഞ പിന്തുണ.  വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തെ സജ്ജമാക്കുന്നതിനാണ് തീരദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നത്.
ആഗസ്ത്മാര്‍ച്ച് കാലത്താണ് കടലാമകള്‍ കൂട്ടമായി കടല്‍ത്തീരത്ത് മുട്ടയിടാനെത്തുന്നത്. ഒലിവ് റിഡ്‌ലി എന്ന ഇനത്തിലുള്ള കടലാമകളെയാണ് ഇക്കാലത്ത് കേരളതീരത്ത് കാണപ്പെടാറുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്‌സിന്റെ (ഐ.യു.സി.എന്‍.) വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള റെഡ് ഡേറ്റ ബുക്കില്‍ ഇടം നേടിയ ഇനമാണ് ഒലിവ് റിഡ്‌ലി. 
കടലാമകളുടെ വംശനാശം കടലിന്റെ പരിസ്ഥിതിനാശത്തിനും കടല്‍വിഭവത്തിന്റെ ശോഷണത്തിനും കാരണമാകുന്നെന്ന തിരിച്ചറിവിലാണ് സീഡ് കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതി നടപ്പാക്കുന്നത്.
കടലാമമുട്ടകള്‍ നശിപ്പിക്കുന്നതിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനാണ് തീരദേശമേഖലയിലെ വിദ്യാര്ഥിസമൂഹത്തെ സജ്ജരാക്കുന്നത്. അര്‍ത്തുങ്കല്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ്.എസ്., മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍, പുറക്കാട് ശ്രീനാരായണ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാടയ്ക്കല്‍ ലൂര്‍ദ് മേരി യു.പി.സ്‌കൂള്‍, പുറക്കാട് ശ്രീവേണുഗോപാല ദേവസ്വം യു.പി.സ്‌കൂള്‍, ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോധവത്കരണം നടന്നത്. കടലാമകളെയോ കടലാമമുട്ടകളോ  കണ്ടെത്തിയാല്‍ 9656000710 എന്ന നമ്പറില്‍ അറിയിക്കണം.