താഴെചൊവ്വ: കിഴുത്തള്ളി യു.പി. സ്‌കൂളില്‍ സീഡ് ക്ലബ് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് നടത്തി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ പച്ചക്കറിക്കൃഷി നടത്തിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം എളയാവൂര്‍ കൃഷി ഓഫീസര്‍ അജയ്കുമാര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ജിതേഷ്ബാബു അധ്യക്ഷതവഹിച്ചു. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തിയത്. മധുരക്കിഴങ്ങ്, പച്ചമുളക്, വഴുതിന, പയര്‍, അവര, കക്കിരി തുടങ്ങിയവയാണ് കൃഷിചെയ്തത്. കൂടാതെ സ്‌കൂളില്‍ മഞ്ഞളും രാമച്ചവും കൃഷിചെയ്യുന്നുണ്ട്.
പി.ടി.എ. വൈസ് പ്രസിഡന്റ് ഭാഗീലാല്‍, സമീപത്തെ കര്‍ഷകനായ ജോണി എന്നിവരും കുട്ടികളെ സഹായിച്ചു. സ്‌കൂളിലെ അധ്യാപികയായ ലാലി ആധുനിക രീതിയിലുള്ള കൃഷിരീതിയെക്കുറിച്ച് ക്ലാസെടുത്തു. പ്രഥമാധ്യാപിക കാഞ്ചനകുമാരി പ്രസംഗിച്ചു. പി.ടി.എ. ഭാരവാഹികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ വിളവെടുപ്പിനെത്തി.