ഹരിപ്പാട്: സ്കൂള്‍ മുറ്റത്തെ മാവിന്‍ ചുവട്ടില്‍ മാവിന്റെ കഥയും കഴിവും കേട്ടുനിന്നപ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളുടെ കൗതുകമായിരുന്നു. എന്നും കാണുന്ന മാവിന് കൂടുതല്‍ ഭംഗിവന്നപോലെ അവര്‍ നോക്കിനിന്നു. മാന്തളിര്‍ ഉച്ചവെയിലില്‍ തിളങ്ങുന്ന കാഴ്ച അധ്യാപകരുടെ മനസ്സ് നിറച്ചു. നങ്ങ്യാര്‍കുളങ്ങര യു.പി.എസ്സില്‍ "മാതൃഭൂമി' സീഡിന്റെ സീസണ്‍വാച്ച് ശില്പശാലയില്‍ പഠിതാക്കളായെത്തിയ അധ്യാപകരാണ്, മാവിനെ കണ്ടും അറിഞ്ഞും വൃക്ഷപഠനത്തിന് തുടക്കം കുറിച്ചത്. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യര്‍ മാവ് നട്ടുവളര്‍ത്തി തുടങ്ങിയിരുന്നുവെന്ന അറിവ് പലരെയും അത്ഭുതപ്പെടുത്തി.
മാവിനെപ്പറ്റി നൂറുകൂട്ടം പുത്തന്‍ അറിവുകളാണ് സീസണ്‍ വാച്ചിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ നിസാര്‍ അധ്യാപകരുമായി പങ്കുവച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സീസണ്‍ വാച്ച് സെമിനാര്‍ ആലപ്പുഴ എസ്.ഡി.കോളജ് ജന്തുശാസ്ത്ര ഗവേഷണവിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. നാഗേന്ദ്രപ്രഭു ഉദ്ഘാടനം ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും വിപ്രോയും ചേര്‍ന്ന് ദേശീയതലത്തില്‍ നടത്തുന്ന സീസണ്‍ വാച്ചിന്റെ കേരളത്തിലെ പങ്കാളിത്തം "മാതൃഭൂമി' സീഡിനാണ്.
തിരഞ്ഞെടുത്ത ഇനത്തിലെ മരങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന സീസണ്‍ വാച്ചിന്റെ പ്രവര്‍ത്തനരീതി സെമിനാറില്‍ ചര്‍ച്ചചെയ്തു. "മാതൃഭൂമി' സീഡിന്റെ ഒരുഭാഗമാണ് സീസണ്‍വാച്ച്. കാലാവസ്ഥാ വ്യതിയാനം ചെടികളിലുണ്ടാക്കുന്ന മാറ്റം സീസണ്‍ വാച്ചിലൂടെ കണ്ടെത്താമെന്ന് ഉദാഹരണസഹിതം സെമിനാറില്‍ വിശദീകരിച്ചു.
മാവ്, പ്ലാവ്, ആഞ്ഞിലി, കടമ്പ്, ഞാവല്‍, ആവല്‍, നെല്ലി, കുമ്പിള്‍, തേക്ക്, പുളി, കണിക്കൊന്ന തുടങ്ങിയ 25 ഇനം വൃക്ഷങ്ങളാണ് കേരളത്തില്‍ സീസണ്‍ വാച്ചില്‍ ഉള്‍പ്പെടുത്തി നിരീക്ഷിക്കുന്നത്.
ഹരിപ്പാട് ഉപജില്ലയിലെ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് ശാസ്ത്രക്ലബ് എന്നിവ "മാതൃഭൂമി' സീഡുമായി കൈകോര്‍ത്താണ് സീസണ്‍ വാച്ച് സെമിനാര്‍ നടത്തിയത്. ഉപജില്ലയിലെ അന്‍പതോളം ശാസ്ത്ര അധ്യാപകര്‍ പങ്കെടുത്തു.
എ.ഇ.ഒ. കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ രഞ്ചന, സയന്‍സ് ക്ലബ് അസ്സോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ്, മാതൃഭൂമി സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.