അടൂര്‍: കാട് കയറി നശിക്കുന്ന സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ പഴകുളത്തെ ഉദ്യാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പറക്കോട് പി.ജി.എം.(അമൃത)ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് കുട്ടികള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തെഴുതി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഉദ്യാനം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കണ്ട കാഴ്ചകളാണ് മന്ത്രിയ്ക്ക് കത്തെഴുതുന്നതിലേക്ക് നയിച്ചത്. നോക്കാനും കാണാനും ആരുമില്ലാതെ ആളുകള്‍ക്ക് മാലിന്യം കൊണ്ടു തള്ളാനുള്ള സ്ഥലമായി പഴകുളത്തെ ഉദ്യാനം മാറി. വൈവിധ്യമുള്ള വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും കലവറയായ ഈ ഉദ്യാനം ശരിയായ വിധത്തില്‍ സംരക്ഷിച്ചാല്‍ സ്‌കൂള്‍കുട്ടികള്‍ക്ക് പ്രകൃതി പഠനത്തിനുള്ള നല്ല സ്ഥലമായി ഇവിടം മാറും. സംരക്ഷണത്തിനായി ഒരു പഠനരേഖ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളിലെ മാതൃഭൂമി സീഡ് സംഘം. അടൂരിനെ വ്യക്തമായി അറിയാവുന്ന വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇക്കാരൃത്തില്‍ ഇടപെടുമെന്ന വിശ്വാസത്തിലാണ് കുട്ടികള്‍ ഉദ്യാനത്തിന്റെ ദുഃസ്ഥിതി കാണിച്ച് മന്ത്രിയ്ക്ക് കത്തെഴുതിയത്. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനത്തിന് എത്തിയത്. 1988ലാണ് സാമൂഹ്യവനവത്കരണ വിഭാഗം പഴകുളത്ത് ഉദ്യാനം തുറന്നത്. പൊതുജനങ്ങള്‍ക്ക് വിശ്രമത്തിനായി ചാരുബഞ്ചുകള്‍ ഉള്‍പ്പടെയുള്ളവ ഒരുക്കിയിരുന്നു. ഇന്ന് അവയെല്ലാം നശിച്ചു.