മേളപ്പെരുമഴയില്‍ മാതൃഭൂമി സീഡ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു

Posted By : Seed SPOC, Alappuzha On 30th September 2015


 
 മാതൃഭൂമിസീഡ് റവന്യുജില്ലാ പുരസ്‌കാരസമര്‍പ്പണയോഗം ജില്ലാ പോലീസ് ചീഫ് വി. സുരേഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. ആന്ഡ് റീജണല്‍ ഹെഡ് ജോയ് പോള്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് യു. പ്രതിഭാ ഹരി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ആര്‍. ഗീതാമണി തുടങ്ങിയവര്‍ വേദിയില്‍
സീഡ് പുരസ്‌കാരദാനച്ചടങ്ങിനെത്തിയവര്‍
പുന്നപ്ര: ജീവിക്കുന്ന ഭൂമിക്ക് കൈത്താങ്ങായും ഇല്ലാതാകുന്ന ജൈവികതയെക്കുറിച്ച് ആകുലപ്പെട്ടും  201415 വര്‍ഷത്തെ മാതൃഭൂമി സീഡ് റവന്യൂജില്ലാ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. പുന്നപ്ര യു.പി.സ്‌കൂളിലെ ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സീഡ് കുടുംബാംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു പ്രകൃതിയെ തിരിച്ചറിഞ്ഞ പുതിയ തലമുറയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
 ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാര്‍ പുരസ്‌കാരസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ക്കെല്ലാം പ്രധാനകാരണം മനുഷ്യന്‍ തന്നെയാണെന്നദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ഒരിക്കലും ഒടുങ്ങാത്ത അത്യാഗ്രഹമാണ് പ്രകൃതിയെ ഈ അവസ്ഥയില്‍ എത്തിച്ചത്.  
മഴയെയും പുഴകളെയും ഇല്ലാതാക്കി പ്രകൃതിയുടെ അസ്ഥിവാരം തോണ്ടി നാം നേട്ടങ്ങള്‍ക്കായി പോകുന്നു. പ്രകൃതിസമ്പത്തും പ്രകൃതിയും കാത്തുസൂക്ഷിക്കേണ്ട കടമ ഇളംതലമുറയ്ക്ക് എത്തിച്ചു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മാതൃഭൂമി സീഡിന്റെ പങ്ക് വളരെ വലുതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മികച്ച ഭരണാധികാരി മനുഷ്യനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രകൃതിയെ സ്‌നേഹിക്കുന്നവരാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭ ഹരി പറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് തെറ്റുകളുടെ വഴിക്ക് പോകാനാകില്ല. പക്ഷിമൃഗാദികള്‍ ഒന്നും പ്രകൃതിയെ നശിപ്പിക്കുന്നില്ല. മനുഷ്യനാണങ്ങനെ ചെയ്യുന്നത്.
 നന്മയുടെ വിത്താണ് മാതൃഭൂമി സീഡ് കുട്ടികളുടെ മനസ്സിലേക്ക് പകര്‍ന്ന് തരുന്നത്. നല്ല മാതൃകകളെ പിന്തുടരണം. നട്ടെല്ല് നിവര്‍ന്ന് നില്‍ക്കുന്നവരായി മാറണം. മനുഷ്യരെയും പരിസ്ഥിതിയെയും സ്‌നേഹിക്കുന്നവരായി വളരണമെന്നും പ്രതിഭ ഹരി പറഞ്ഞു. 201415 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള ഹരിത വിദ്യാലയം പുരസ്‌കാരങ്ങള്‍ ജില്ലാ പോലീസ് മേധാവി വി. സുരേഷ് കുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭ ഹരിയും വിതരണം ചെയ്തു. 
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
 ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി, ആലപ്പുഴ ഫെഡറല്‍ ബാങ്ക് എ.ജി.എമ്മും റീജണല്‍ മേധാവിയുമായ ജോയ് പോള്‍, പുന്നപ്ര യു.പി.സ്‌കൂള്‍ മാനേജര്‍ കെ. പ്രസന്നകുമാര്‍, പി.ടി.എ. പ്രസിഡന്റ് സി.എ. സലിം എന്നിവര്‍ ആശംസ നേര്‍ന്നു.
 മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് സ്വാഗതവും മാതൃഭൂമി സീഡ് റവന്യൂ ജില്ലാ എസ്.പി.ഒ.സി. ബിജു പി.നായര്‍ നന്ദിയും പറഞ്ഞു.
ശ്രേഷ്ഠഹരിത വിദ്യാലയം പുരസ്‌കാരത്തിനര്‍ഹരായ കടക്കരപ്പള്ളി ഗവണ്മന്റ് യു.പി.ജി.എസ്സിനെ വേദിയില്‍ ആദരിച്ചു. മികച്ച സീഡ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം, എല്‍.പി. സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം, രണ്ടും മുന്നും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ മറ്റ് വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു. ഹരിതവിദ്യാലയം ഒന്നാം സ്ഥാനത്തിന് 15,000 രൂപയും ട്രോഫിയും ഫലകവുമാണ് നല്‍കിയത്.
രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാര്ക്ക് 5,000 രൂപയുമാണ് കാഷ് അവാര്‍ഡ്. ഇതിനൊപ്പം ട്രോഫിയും ഫലകവുമുണ്ട്. മികച്ച ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ക്ക് 5,000 രൂപയും ട്രോഫിയും ഫലകവുമുണ്ട്.
 കടക്കരപ്പള്ളി ഗവണ്മെന്റ് യു.പി.ജി. സ്‌കൂള്‍, കടക്കരപ്പള്ളി ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് ചെണ്ടയും ബാന്റുമായി ചടങ്ങില്‍ മേളമൊരുക്കിയത്. 
പ്രകൃതിദത്ത വിഭവങ്ങളടങ്ങിയ സദ്യവിളമ്പിയാണ് ചടങ്ങിനെത്തിയവരെ യാത്രയാക്കിയത്.