Bhavans Varuna Vidyalaya , Kakanad

Posted By : ernadmin On 19th August 2013


മാലിന്യം നീക്കം
ചെയ്യണമെന്ന
ആവശ്യവുമായി
സീഡ് അംഗങ്ങൾ


കാക്കനാട്: പകർച്ചവ്യാധികൾ ഇപ്പോൾത്തന്നെ തൃക്കാക്കരയ്ക്ക് ഭീഷണിയായിട്ടുണ്ട്. മഴ പെയ്യുമ്പോൾ സ്ഥിതി ഗുരുതരമാകും. ഇത് വെറും ആശങ്ക മാത്രമല്ല; തൃക്കാക്കര നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ വഴിയരികിലും ഒഴിഞ്ഞ ഇടങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യം ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയത്തിലെ 'മാതൃഭൂമി സീഡ് ക്ലബ്ബ്' അംഗങ്ങൾ രംഗത്തെത്തി.
   കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് റോഡരികിലെ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുപോലെ, നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളായ ഒരുപറ്റം വിദ്യാർത്ഥികളാണ് രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഇതുസംബന്ധിച്ച നിവേദനം സീഡ് പോലീസ് ലീഡർ പി.എസ്. ദിവ്യയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ പി.ഐ. മുഹമ്മദാലിക്ക് നൽകി.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഡി. സുരേഷ്, കൗൺസിലർ നൗഷാദ് പല്ലച്ചി, ഭവൻസ് വരുണ വിദ്യാലയത്തിലെ സീഡ് കോ-ഓർഡിനേറ്റർമാരായ കെ.എസ്. ഇന്ദിര, എസ്. മുരുകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അടിയന്തരമായി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സീഡ് അംഗങ്ങൾക്ക് ചെയർമാൻ പി.ഐ. മുഹമ്മദാലി ഉറപ്പു നൽകി.
എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് മേഖലയിൽ മലപോലെയാണ് മാലിന്യം നിറയുന്നത്. മഴ പെയ്താൽ ഇതുവഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന മാലിന്യം തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഭവൻസ് വരുണ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉൾപ്പെടെയാണ് വലിയ ദുരിതമായി മാറിയിരിക്കുന്നത്. ഇവിടെ മാലിന്യം നിറഞ്ഞിട്ടും നഗരസഭ അനങ്ങാത്തതിനെ തുടർന്നാണ് സീഡ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജില്ലാ ആസ്ഥാനമായ തൃക്കാക്കരയുടെ ഉൾപ്രദേശങ്ങളിൽ പോലും 'മാലിന്യം നിക്ഷേപിക്കരുത്' എന്ന ബോർഡുകൾക്ക് താഴെയും മാലിന്യം കുന്നകൂടുന്നത് പതിവുകാഴ്ച. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടികളെടുത്തില്ലെങ്കിൽ വരുംകാലത്ത് പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കഴിയാതെ വരും.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുകയും അതനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നഗരസഭയാണ് തൃക്കാക്കര. എന്നാൽ, അതിന് അനുസൃതമായ മാലിന്യ സംസ്‌കരണ സംവിധാനമില്ലെന്നതാണ് വസ്തുത. നഗരസഭ വിപുലമായ രീതിയിൽ മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റിന് സ്ഥലം കണ്ടെത്തിയെങ്കിലും പിന്നീടത് മുടങ്ങി. മറ്റെവിടെയും അനുയോജ്യമായ ഭൂമി കിട്ടാനില്ലാത്തതിനാൽ താത്കാലികമായി മാലിന്യം നഗരസഭാ ഓഫീസിന് സമീപമുള്ള സ്ഥലത്ത് ജെ.സി.ബി. കൊണ്ട് കുഴിയെടുത്ത് സംസ്‌കരിക്കുകയാണ്. കൂടാതെ, കുറച്ചുഭാഗം മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് മാറ്റുന്നുണ്ടെന്ന് നഗരസഭാ അധികൃതർ പറ
യുന്നു.


എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് മേഖലയിലെ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭവൻസ് വരുണ വിദ്യാലയത്തിലെ
'മാതൃഭൂമി സീഡ് പോലീസ്' ലീഡർ പി.എസ്. ദിവ്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൃക്കാക്കര നഗരസഭാ ചെയർമാൻ
പി.ഐ. മുഹമ്മദാലിക്ക് നിവേദനം നൽകുന്നു. സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ എസ്. മുരുകൻ, ആരോഗ്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ വി.ഡി. സുരേഷ്, കൗൺസിലർ നൗഷാദ് പല്ലച്ചി എന്നിവർ സമീപം