Mananchery St.joseph's UPS

Posted By : ernadmin On 19th August 2013


ഔഷധച്ചെടികളുടെ നാട്ടറിവുമായി സെന്റ് ജോസഫ്‌സ് ജിയുപി സ്‌കൂൾ

കൊച്ചി: നാട്ടുപച്ചമരുന്നുകളെ മറന്ന പുതുതലമുറയ്ക്ക് മാതൃകയായി മാറുകയാണ് മാനാച്ചേരി സെന്റ് ജോസഫ്‌സ് ജിയുപി സ്‌കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'എന്റെ ഔഷധച്ചെടി' എന്ന പേരിൽ നാട്ടുപച്ചമരുന്നുകളുടെ തോട്ടം തയ്യാറാക്കിയാണ് കുട്ടികൾ മാതൃക കാട്ടിയത്.
വീട്ടുവളപ്പിൽ തനിയെ വളരുന്ന പച്ചമരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. 'ഔഷധച്ചെടികളും നമ്മുടെ ആരോഗ്യ രക്ഷയും' എന്ന വിഷയത്തെ ആധാരമാക്കി നാട്ടിലെ മുതിർന്ന തലമുറയിൽപ്പെട്ട ലൂസി അറിവുകൾ കുട്ടികളുമായി പങ്കുവെച്ചു.
കുറുന്തോട്ടി, നീലംപാല, ആട്ടുകൊട്ടപ്പാല, മുക്കുറ്റി, ആടലോടകം, കൊടകൻ, മുയൽച്ചെവിയൻ, മുറികുടി, പൂവാൻകുറുന്തൽ, തഴുതാമ, തുളസി, ബ്രഹ്മി, കുപ്പേകുന്നൻ, തുമ്പ, തൊട്ടാവാടി, തിപ്പലി, ഞൊട്ടാവടിയൻ, കല്ലുരുക്കി, പനിക്കൂർക്ക, കീഴാർനെല്ലി, പുതിന, കരിനൊച്ചി തുടങ്ങി നിരവധി ഔഷധസസ്യങ്ങൾ ഉൾപ്പെടുന്നതാണ് കുട്ടികൾ ഒരുക്കിയ ഔഷധത്തോട്ടം.
തങ്ങളുടെ ഓരോ പിറന്നാൾ ദിനത്തിലും ഓരോ ഔഷധച്ചെടി വീതം ഈ തോട്ടത്തിൽ നട്ടുവളർത്താം എന്നതാണ് സ്‌കൂളിലെ സീഡ് അംഗങ്ങളുടെ തീരുമാനം. ഇതിന്റെ തുടക്കമെന്ന നിലയിൽ ശരത് എന്ന വിദ്യാർത്ഥി പനിക്കൂർക്ക ചെടികൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.
  ഇതോടൊപ്പം നമ്മൾ സ്വയം ശേഖരിച്ച ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഔഷധക്കഞ്ഞി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ.
സ്‌കൂളിലെ ഈ പ്രവർത്തനങ്ങൾക്ക് സീഡ് കോ-ഓർഡിനേറ്റർമാരായ സി. ആലീസ്, വർഗീസ്, ലൊട്രീഷ്യ എന്നിവരാണ് നേതൃത്വം നൽകുന്നത്.