പത്തനാപുരം സെന്റ് മേരീസ് പരിസ്ഥിതിസൗഹൃദ വിദ്യാലയമാക്കും

Posted By : klmadmin On 18th August 2013


പത്തനാപുരം: പത്തനാപുരം സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസ്ഥിതി സൗഹൃദ വിദ്യാലയമാക്കും. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമം തുടങ്ങിയത്. ആദ്യപടിയായി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത പേപ്പര്‍ പള്‍പ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച പേന, പെന്‍സില്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കും. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. പ്രകാശ്, അധ്യാപക പ്രതിനിധി സിസിലി സാമുവലിന് പരിസ്ഥിതിസൗഹൃദ പേനയും പെന്‍സിലും നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
സീഡ് ക്ലബ്ബ് -സീഡ് പോലീസിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം.ടി.ജോര്‍ജ്ജ് നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് ജിജി ചെറിയാന്‍, മദര്‍ പി. ടി. എ. പ്രസിഡന്റ് അഡ്വ. ലിസി കെ.ജേക്കബ്, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഉഷ. ആര്‍. എന്നിവര്‍ സംസാരിച്ചു. സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ. കെ. പ്രകാശ് പദ്ധതി വിശദീകരണം നടത്തി. സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.വൈ. ഷെഫീഖ് ക്ലാസെടുത്തു. മാതൃഭൂമി പത്തനാപുരം ലേഖകന്‍ ഗോപകുമാര്‍ പട്ടാഴി, സ്‌കൂള്‍ സീഡ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അഫാലിഖ് എന്നിവര്‍ പങ്കെടുത്തു.
വിവിധതരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കംചെയ്യാന്‍ പ്രത്യേക കവറുകള്‍ വിദ്യാര്‍ഥികള്‍ക്കായി വിതരണം ചെയ്യും.
സ്‌കൂളില്‍ നട്ടുപിടിപ്പിച്ച അപൂര്‍വങ്ങളായ ഔഷധസസ്യത്തോട്ടത്തിന്റെ പരിപാലനവും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനവും സീഡ് പോലീസിന്റെ ചുമതലയില്‍ നടത്താന്‍ തീരുമാനമായി.