പൊയിനാച്ചി: വിഷമുക്ത പച്ചക്കറിയെന്ന സ്വപ്നം പ്രയത്‌നത്തിലൂടെ സഫലീകരിച്ചത്തിന്റെ സന്തോഷത്തിലാണ് കരിച്ചേരി ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്. സ്‌കൂള് വളപ്പില്‍നട്ട വെള്ളരിയും കക്കിരിയും വെണ്ടയും പയറുമെല്ലാം മികച്ചനിലയില്‍ വിളഞ്ഞതോടെ കൃഷി ഒരനുഭവമാക്കിയതിന്റെ ഉത്സാഹത്തിലാണ് ഇവര്‍.
സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്, കാര്‍ഷിക ക്ലബ്, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിക്കൃഷിയൊരുക്കിയത്.
രണ്ട് ക്വിന്റല്‍ വെള്ളരിയും ഒരു ക്വിന്റല്‍ കക്കിരിയും ന്യായവിലയ്ക്ക് കുട്ടികള്‍തന്നെ അവരവരുടെ വീടുകളിലെത്തിച്ചു. അധ്യാപകര്‍ക്കും ജൈവപച്ചക്കറി വാങ്ങാന്‍ ഉത്സാഹമായിരുന്നു. കൂടാതെ, വിളയിച്ച പച്ചക്കറിയിനമെല്ലാം സ്‌കൂളിലെ ഉച്ചഭക്ഷത്തിന് ഉപയോഗിച്ചുവരുന്നു.
ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചായിരുന്നു കൃഷി. പ്രദേശത്തെ കര്‍ഷകരുടെ മക്കളണ് സ്‌കൂളിലെ കുട്ടികളിലധികവും. വീട്ടില്‍നിന്നുള്ള കൃഷിപാഠവും കുട്ടികള്‍ക്ക് പ്രോത്സാഹനമായി. സ്‌കൂള്‍പരിസരത്തെ കര്‍ഷകരുടെ ഇടപെടലും അവര്‍ക്ക് വഴിവെളിച്ചമായി. പള്ളിക്കര കൃഷിഭവനും കുട്ടികളുടെ കൃഷിക്ക് സഹായംനല്കി. അടുത്തസീസണിലും കൃഷിയില്‍ സക്രിയരാകാന്‍ ഒരുങ്ങുകയാണിവര്‍.
ജൈവ പച്ചക്കറി വിളവെടുപ്പ് പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം ടി.അപ്പക്കുഞ്ഞി അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്കുമാര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ സജിനിമോള്‍, പള്ളിക്കര കൃഷിഓഫീസര്‍ കെ.വേണുഗോപാലന്‍, കെ.ഭാസ്‌കരന്‍, എ.വേണുഗോപാലന്‍, കെ.വി.രാജേഷ്, എ.ലതിക, എം.രാജകുസുമം, പി.ജനാര്‍ദനന്, ടി.പ്രഭാകരന്‍, എം.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങില് കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ കൃഷിവകുപ്പ് സൗജന്യമായി നല്കി.