ലക്ഷംവീട് കോളനിയില്‍ സൂര്യവെളിച്ചവുമായി സീഡ് ക്‌ളബ്ബംഗങ്ങളെത്തി

Posted By : knradmin On 5th September 2015


 

 
കൂത്തുപറമ്പ്: വൈദ്യുതിയില്ലാത്ത മാനന്തേരി തൊണ്ടിലേരി ലക്ഷംവീട് കോളനിയില്‍ സൂര്യവെളിച്ചവുമായി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ്ബംഗങ്ങളെത്തി. കഴിഞ്ഞ വേനലവധിക്കാലത്ത് ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, പാട്യം പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമുള്ള വിവിധ കോളനികളില്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ നടത്തിയ സര്‍വേയില്‍ വൈദ്യുതിയില്ലാത്ത ഏഴുവീടുകള്‍ കണ്ടെത്തിയിരുന്നു. അത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി, പട്ടികജാതിപട്ടികവര്‍ഗമന്ത്രി, കൃഷിമന്ത്രി എന്നിവര്‍ക്ക് തെളിവുസഹിതം വിദ്യാര്‍ഥികള്‍ നിവേദനം നല്കുകയുംചെയ്തു.
വൈദ്യുതിയില്ലാത്ത വീടുകളില്‍ സോളാര്‍ റാന്തല്‍ നല്കാന്‍ സ്‌കൂള്‍ തീരുമാനിക്കുകയും ഒന്നാംഘട്ടമായി രണ്ട് വിദ്യാര്‍ഥികളുള്ള ചെമ്പന്റെ വീട്ടില്‍ റാന്തല്‍ നല്കുകയും ചെയ്തു. മറ്റ് വീടുകളില്‍ അടുത്തഘട്ടങ്ങളില്‍ റാന്തല്‍ നല്കും. കോളനിയിലെ രണ്ട്  വീടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യായ മേശ, സ്റ്റൂള്‍ എന്നിവയും ഓണക്കോടിയും ഓണസദ്യ ഒരുക്കാനാവശ്യമായ സാധനങ്ങളും നല്കി.
പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി സോളാര്‍റാന്തല്‍ ചെമ്പന് കൈമാറി അക്ഷരവെളിച്ചം പദ്ധതി ഉദ്ഘാടനംചെയ്തു. എസ്.ആര്‍.ശ്രീജിത്ത്, എസ്.ജയദീപ്, ബി.ജയരാജന്‍, പറമ്പന്‍ പ്രകാശന്‍, കുന്നുമ്പ്രോന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ സ്വീറ്റി സുന്ദര്‍, നന്ദിതരാജ്, ആര്യനന്ദ, കാവ്യാസജീവന്‍, വിസ്മയ വിനോദ്, അക്ഷയ, അക്ഷയ് ശ്രീധരന്‍ എന്നിവര്‍ നേതൃത്വംനല്കി.