സീഡ് കുട്ടികള്‍ ഒരുക്കിയത് 24 ഇലക്കറികള്‍

Posted By : ksdadmin On 3rd September 2015


 

 
നീലേശ്വരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി. സ്‌കൂളില്‍ ഒരുക്കിയ ഇലക്കറി പ്രദര്‍ശനമേളയില്‍ അണിനിരന്നത് 24 ഇനം ഇലക്കറികള്‍. നാട്ടിന്‍പുറങ്ങളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന പൊന്നാങ്കണ്ണിയുടെയും മുത്തളിന്റെയും തഴുതാമയുടെയും ഇലകള്‍ ഭക്ഷണയോഗ്യമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വിദ്യാര്‍ഥികളില്‍ കൗതുകം. 
'വിഷരഹിതഭക്ഷണത്തിനായി വീട്ടുപറമ്പിലേക്ക്' എന്ന സീഡ്ക്ലബ്ബിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുന്നതിനാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇലക്കറികളെല്ലാം വിദ്യാര്‍ഥികള്‍ സ്വന്തമായി ശേഖരിച്ച് തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. ഓരോ ഇലക്കറിയുടെയും പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന പോസ്റ്റര്‍പ്രദര്‍ശനവും ഉണ്ടായിരുന്നു. 
പ്രദര്‍ശനം പി.ടി.എ. പ്രസിഡന്റ് എ.അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എ.വി.ഗിരീശന്‍ അധ്യക്ഷനായിരുന്നു. കെ.വി.ശ്യാമള, കെ.വനജ, പി.പ്രേമജ, എം.ബാബുരാജ്, എം.ആര്‍.ശ്യാംഭട്ട് എന്നിവര്‍ നേതൃത്വം നല്കി.