യുവകര്‍ഷകന്‍ മനു തയ്യിലിന് ആദരവുമായി മാതൃഭൂമി സീഡ് സംഘം

Posted By : ptaadmin On 31st August 2015


 പറക്കോട്: അടൂര്‍ നഗരസഭയുടെ യുവകര്‍ഷക അവാര്‍ഡ് നേടിയ മനു തയ്യിലിന് ആദരവുമായി പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് സംഘം മനുവിന്റെ കൃഷിയിടത്തിലെത്തി. പൊതുപ്രവര്‍ത്തകനും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ മനുവിന്റെ കൃഷിരീതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും രണ്ടുവര്‍ഷക്കാലം കൊണ്ട് കാര്‍ഷികമേഖലയില്‍ നേടിയ നേട്ടങ്ങളില്‍ അനുമോദിക്കുന്നതിനുമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം കൃഷിസ്ഥലത്തേക്ക് എത്തിയത്. വിഷമയമില്ലാത്ത പച്ചക്കറിക്കായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് മനു തയ്യില്‍ പറഞ്ഞു. കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കാതെ നടത്തുന്ന കൃഷിരീതികള്‍ മനു കുട്ടികള്‍ക്ക് വിവരിച്ചു നല്കി. പൊതുപ്രവര്‍ത്തനത്തിനിടയിലും കൂലിക്ക് ആളെ നിര്‍ത്താതെയാണ് കൃഷിയിടത്തില്‍ താനും തന്റെ കുടുംബവും കൂടി ചെയ്യുന്നതെന്നും മനു പറഞ്ഞു. കൃഷിസ്ഥലത്തേക്ക് വന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തന്റെ കൃഷിസ്ഥലത്ത് വിളഞ്ഞ കപ്പയും കാച്ചിലും പുഴുങ്ങി കാന്താരി ചമ്മന്തി കൂട്ടി നല്കിയാണ് യാത്രയാക്കിയത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആര്‍.മധുസൂദനന്‍ നായര്‍ പൊന്നാടയണിയിച്ച് മനുവിനെ ആദരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ് നേതൃത്വം നല്കി.