പാവറട്ടി: മുന്‍തലമുറയുടെ അനുഭവങ്ങള്‍, സാംസ്‌കാരിക പൈതൃകം, ചികിത്സാ രീതികള്‍, ജൈവകൃഷിരീതികള്‍, വിദ്യാഭ്യാസ സമ്പ്രദായം, ഭക്ഷണ രീതികള്‍, തൊഴില്‍ മേഖലകള്‍, ഭരണസംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുവാനും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്കുവാനുമുള്ള പദ്ധതിയായ 'പൈതൃകം' ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ തുടക്കമായി.
സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് പദ്ധതി നടപ്പിലാക്കുന്നത്. സീഡ് ക്ലബ്ബിലെ 62 വിദ്യാര്‍ത്ഥികള്‍ എളവള്ളി ഗ്രാമപ്പഞ്ചായത്തിലെ 1, 2, 8, 16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചിറ്റാട്ടുകര, ബ്രഹ്മകുളം, കാക്കശ്ശേരി പ്രദേശങ്ങളിലെ 2000 വീടുകളില്‍ സര്‍വ്വേ നടത്തി 75 വയസ്സിന് മേലെ പ്രായമുള്ളവരെ ആദ്യഘട്ടമായി കണ്ടെത്തും. രണ്ടാംഘട്ടത്തില്‍ അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങള്‍ പുതുതലമുറയ്ക്ക് കൈമാറത്തക്കവിധം റിപ്പോര്‍ട്ടായി പ്രസിദ്ധീകരിക്കും. സീഡ് കോ-ഓര്‍ഡിനേറ്റര്‍ അധ്യാപകനായ കെ.പി. ബെന്നിയാണ് നേതൃത്വം നല്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടപ്പാക്കിയ ഊര്‍ജ സംരക്ഷിത ഗ്രാമം പദ്ധതിയും പരിസ്ഥിതി സൗഹൃദഗ്രാമം പദ്ധതിയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതികളാണ്.
ഇവയ്ക്ക് പുറമെ ജൈവകൃഷി, കര്‍ഷക സ്മൃതി, ജൈവവേലി, ശലഭോദ്യാനം, ഔഷധച്ചെടിത്തോട്ടം, സമഗ്ര പച്ചക്കറി വികസന പദ്ധതി, മഴവെള്ള സംഭരണി, ഖരമാലിന്യ സംസ്‌കരണം, കാവും കണ്ടലും സംരക്ഷണം, സീസണ്‍ വാച്ച്, സീഡ് പോലീസ് എന്നിവയും നടത്തി. പൈതൃകത്തിന്റെ ഭാഗമായി അവയവദാനം, രക്തഗ്രൂപ്പ് നിര്‍ണയം, വീട്ടില്‍ ഒരു തോട്ടം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സീഡ് പോലീസ്, കാര്‍ഷിക പ്രവര്‍ത്തനവും ഭക്ഷ്യസംസ്‌കരണവും, ജൈവവൈവിധ്യസംരക്ഷണം, ഊര്‍ജ സംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങി പദ്ധതികളും നടപ്പാക്കുന്നുണ്ട്. സീഡ് പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ അന്‍വര്‍ അലി നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി അധ്യക്ഷനായി. പദ്ധതിരേഖ പൈതൃകം എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ പ്രകാശനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.വി. ജോണ്‍സണ്‍, പഞ്ചായത്തംഗം എ.ഡി. സാജു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി കെ.പി. എന്നിവര്‍ പ്രസംഗിച്ചു.