മാതൃഭൂമി സീഡ് വഴികാട്ടിയായി; കണ്ടല് സംരക്ഷണത്തിന് തൊഴിലുറപ്പുകാരും

Posted By : Seed SPOC, Alappuzha On 24th August 2015


 മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കടല്ത്തീരം സംരക്ഷിക്കാന് മാതൃഭൂമി സീഡ് ക്ലബ് തുടങ്ങിയ കണ്ടല്‌ച്ചെടികള് നട്ട് വളര്ത്തുന്ന പദ്ധതി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള് ഏറ്റെടുത്തു. 

കലവൂര്, പാതിരപ്പള്ളി വില്ലേജ് അതിര്ത്തികളിലെ പൊള്ളേത്തൈ, കാട്ടൂര്, ഓമനപ്പുഴ, ചെട്ടിക്കാട് തീരദേശ ഗ്രാമങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയായ കണ്ടല്‌ച്ചെടികള് നട്ടുവളര്ത്തല് ഏറ്റെടുത്തിരിക്കുന്നത്. 'തീരം കാക്കാന് കുട്ടിക്കൂട്ടം' എന്ന പേരില് 2013 മുതല് കാട്ടൂര് ഹോളി ഫാമിലി ഹയര് സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള് കാട്ടൂര് ചെറിയ പൊഴി തീരത്ത് കണ്ടല്‌ച്ചെടികള് നട്ട് സംരക്ഷിച്ച് വരുകയാണ്.  മാതൃഭൂമി സീഡ് പദ്ധതി മാതൃകയാക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏകദേശം എട്ട് കിലോമീറ്റര് ദൂരം കണ്ടല്‌ച്ചെടികള് നട്ട് വളര്ത്താന് തയ്യാറാക്കിയ 'തീരമാരാരി കണ്ടല് സമൃദ്ധി' പദ്ധതിക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്താണ് അംഗീകാരം നല്കിയത്. പദ്ധതി നിര്വഹണത്തിന്റെ മുന്നോടിയായുള്ള ചര്ച്ചകളില് മാതൃഭൂമി സീഡ് ക്ലബും പങ്കാളിയായി. കടല്തീരത്തും പൊഴികളുടെ തീരത്തും നടാനുള്ള കണ്ടല്‌ത്തൈകള് വളര്ത്താന് മൂന്ന് നഴ്‌സറിയും തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുന് മന്ത്രി ബിനോയ് വിശ്വം നിര്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. സത്യനേശന് അധ്യക്ഷനായ  സമ്മേളനത്തില് ആര്യാട് ബ്ലോക്ക് പ്രസിഡന്റ് എന്.എസ്. ജോര്ജ്, ആലപ്പുഴ രൂപത സോഷ്യല് സര്വീസ് സൊസൈറ്റി ഡയറക്ടര് ഫാ. സേവ്യര് കുടിയാംശ്ശേരി, അന്തര്‌ദേശീയ കടലോര കായലോര ഗവേഷണ സ്ഥാപനം കുട്ടനാട് ഡയറക്ടര് ഡോ. കെ.ജി. പദ്മകുമാര് എന്നിവര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.പി. സംഗീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സുരേഷ്, ആര്യാട് ബി.ഡി.ഒ. സനല്കുമാര് തുടങ്ങിയവര് പ്രസംഗിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര് സി. സുരേഷ്‌കുമാര് ചടങ്ങില് പങ്കെടുത്തു. പദ്ധതിയുടെ സംഘാടകരായ എല്. സജിത്ത് രാജ്, കെ.ബി. ബിനു, പി.എസ്. വിപിനചന്ദ്രന്, മാതൃഭൂമി സീഡ് കോ ഓര്ഡിനേറ്റര് അമൃത സെബാസ്റ്റ്യന്‍ എന്നിവര് നേതൃത്വം നല്കി.