പുതിയ കരുതലുമായി സീഡ് സന്ദേശം

Posted By : pkdadmin On 24th August 2015


ശ്രീകൃഷ്ണപുരം: നവമാധ്യമങ്ങളുടെ ലോകത്ത് എടുക്കേണ്ട പുതിയ കരുതലുകളെപ്പറ്റി മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സെമിനാര്‍ നടത്തി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് പി. സവിത ഉദ്ഘാടനം ചെയ്തു. സാമൂഹികമായ ഇടപെടലുകളില്‍നിന്ന് വിട്ടുനില്‍ക്കുന്ന യുവതലമുറ പത്തുമിനിട്ട്‌പോലും മൊബൈല്‍ ഫോണ്‍ ഇല്ലാതെ കഴിയാനാവില്ല എന്ന സ്ഥിതിയിലെത്തിയെന്ന് പി. സവിത പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് ഭരണത്തില്‍ ഉള്‍പ്പെടെ ഗുണപരമായ ഇടപെടല്‍ നടത്താന്‍ നവമാധ്യമങ്ങള്‍ക്കാവുന്നുണ്ട്. ഉപയോഗം കരുതലോടെ ആവണം എന്ന സന്ദേശം പ്രധാനപ്പെട്ടതാണെന്നും സവിത പറഞ്ഞു.
മാതൃഭൂമി സീഡ് സന്ദേശം സെമിനാര്‍ പരമ്പരയുടെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ പരിപാടിയാണ് ശ്രീകൃഷ്ണപുരത്ത് സംഘടിപ്പിച്ചത്. നവമാധ്യമങ്ങളുടെ സാധ്യതകളും അവ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഒറ്റപ്പാലം സി.ഐ. എം.വി. മണികണ്ഠന്‍, മാതൃഭൂമി സബ് എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
മാതൃഭൂമി സര്‍ക്കുലേഷന്‍ സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് പി. രതീഷ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. സ്റ്റെല്ല സ്വാഗതം പറഞ്ഞു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ സംസാരിച്ചു. മാതൃഭൂമി സീഡ് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല എസ്.പി.ഒ.സി. ടി. ജയചന്ദ്രന്‍ നന്ദി പറഞ്ഞു.