നെല്‍ക്കൃഷി പഠിക്കാന്‍ സീഡ് ക്ലബ് വിദ്യാര്‍ഥികള്‍

Posted By : knradmin On 22nd August 2015


 

 
ഇരിട്ടി: നെല്‍ക്കൃഷിയെക്കുറിച്ച് പഠിക്കാന്‍ കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പാടത്തിറങ്ങി. ഞാറുനടല്‍, വിളവിറക്കല്‍, കൊയ്യല്‍ എന്നിങ്ങനെ കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ കര്‍ഷകനായ പാക്കഞ്ഞി ബാലനില്‍നിന്ന് നേരിട്ട് ചോദിച്ചുമനസ്സിലാക്കി. മുതിര്‍ന്ന കര്‍ഷകനായ ബാലന്‍ പാടശേഖരസമിതിയുടെ സെക്രട്ടറികൂടിയാണ്. 
രാസവളം ഒഴിവാക്കി ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതികളെക്കുറിച്ചും പഴയതും പുതിയതുമായ നെല്‍വിത്തുകളെക്കുറിച്ചുമൊക്കെ ബാലന്‍ കുട്ടികളോട് വിശദമായി സംസാരിച്ചു. ഏകദേശം 100 ഏക്കറോളം ഉണ്ടായിരുന്ന കീഴൂരിലെ പാടശേഖരം ഇപ്പോള്‍ ഏകദേശം 12 ഏക്കര്‍ മാത്രമായി ചുരുങ്ങിയതായും ബാക്കി  സ്ഥലങ്ങളില്‍ തെങ്ങ്, കവുങ്ങ്, വാഴ എന്നിവ കൃഷിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവിള ചെയ്തിരുന്ന ഈ പാടത്ത് ഇപ്പോള്‍ ഒറ്റവിള മാത്രമേ ചെയ്യുന്നുള്ളൂ. ഇടവിളയായി പച്ചക്കറിക്കൃഷി ചെയ്തുവരുന്നു. സീഡിന്റെ പ്രവര്‍ത്തനം നടത്തികൊണ്ടിരക്കുന്ന ഡ്രീം ടീം പരിസ്ഥിതിക്ലബ്ബിലെ 60ഓളം കുട്ടികളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍, പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍, വിജയരാജന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌സാബു, കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കെ.പി.വനജ, സി.കെ.ലളിത, എം.കെ.ജാനകി, സ്‌കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, കെ.പി.ഷിഫാന, പി.വിഷ്ണു, വി.കെ.ഹൃദ്യ, പി.കെ.വിനീത്, അസിക, കെ.പാര്‍വതി, ദിയാ ദിനേശന്‍ എന്നിവരും വിദ്യാര്‍ഥികളെ അനുഗമിച്ചു.