താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നന്മ മരം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വിനോദ് ഉദ്ഘാടനം ചെയ്യുന്നു ചാരുംമൂട് : താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ 'പ്ലാസ്റ്റിക് മാലിന്യത്തിന് പകരം നന്മ മരം' പദ്ധതിക്ക് തുടക്കമായി. പ്ലാസ്റ്റിക് കവറുകളും മറ്റും കഴുകി വൃത്തിയാക്കി സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് നല്‍കുന്ന കുട്ടികള്‍ക്ക്, പകരം പ്ലാവിന്‍ തൈ നല്‍കുന്നതാണ് പദ്ധതി.
സ്‌കൂളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ പുനര്‍നിര്‍മാണത്തിനായി കൈമാറും. മാതൃഭൂമി പ്രസിദ്ധീകരിച്ച 'ചതിക്കാത്ത ചക്ക'യെന്ന പരമ്പരയുടെ പ്രചോദനമാണ് ഇതിലേക്ക് സീഡ് ക്ലബ്ബിനെ നയിച്ചത്.
സ്‌കൂളിലെ മൂവായിരത്തോളം കുട്ടികളുടെ വീടുകളിലും ഒരു പ്ലാവ് എന്ന ആശയം നടപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ വെയിനാണ് ഇതിനാവശ്യമായ പ്ലാവിന്‍ തൈകള്‍ നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും കത്തിക്കരുതെന്നുമുളള സന്ദേശവും ഇതുമൂലം ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളും പ്രചരിപ്പിക്കും.
പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാറില്‍നിന്ന് പ്ലാസ്റ്റിക് ഏറ്റുവാങ്ങി, പകരം പ്ലാവിന്‍തൈ നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എച്ച്.അഷ്‌റഫ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, സീഡ് കോഓര്‍ഡിനേറ്റര്‍ ശാന്തി തോമസ്, എ.ശിവപ്രസാദ്, സജി കെ.വര്‍ഗീസ്, എസ്.അജിത്കുമാര്‍, എസ്.അഭിലാഷ് കുമാര്‍, റാഫി രാമനാഥ്, എച്ച്.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.