ചിതലി: മലയാളികളുടെ പുതുവര്‍ഷപ്പിറവിദിനത്തില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും കണ്ടറിയാന്‍ അവസരമൊരുക്കി ചിതലി ഭവന്‍സ് വിദ്യാമന്ദിര്‍. നാടിന്റെ കലകളില്‍ അലിയാനുള്ള അവസരം കുട്ടികള്‍ ആഘോഷമാക്കി മാറ്റി. മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ വേറിട്ടവഴിയില്‍ ചിങ്ങപ്പിറവി ആഘോഷിച്ചത്.
മണ്ണിനെയും നന്മയെയും തിരിച്ചറിഞ്ഞ് കാര്‍ഷിക സംസ്‌കാരവുമായി പുതിയതലമുറയെ അടുപ്പിക്കാനാണ് ചിങ്ങപ്പിറവിക്ക് വിപുലമായ ആഘോഷം ക്രമീകരിച്ചത്.
കാര്‍ഷികോപകരണങ്ങളും പഴയകാലത്തിന്റെ കല്‍ച്ചട്ടികളും ഓട്ടുപാത്രങ്ങളും ഉള്‍പ്പെടെ അണിനിരത്തിയുള്ള പൈതൃക പ്രദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട കാഴ്ചയായി. കൂജ, ആവണിപ്പലക, മെതിയടി, എഴുത്താണി, കണ്‍മഷിക്കൂട് തുടങ്ങി മിക്ക കുട്ടികള്‍ക്കും കേട്ടുകേള്‍വിമാത്രമായിരുന്ന കരിയും നുകവും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ പ്രദര്‍ശനവസ്തുക്കളായി എത്തിച്ചു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇവ കുട്ടികളോ അധ്യാപകരോ തങ്ങളുടെ വീടുകളില്‍നിന്ന് കൊണ്ടുവരികയായിരുന്നു.
പ്രദര്‍ശനം അഡ്വ. പി.ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ വി. ഹരിഗോവിന്ദന്‍ മുഖ്യാതിഥിയായി. ഭവന്‍സ് പാലക്കാട്‌കേന്ദ്ര സെക്രട്ടറി പ്രൊഫ. സി. സോമശേഖരന്‍, ശെല്‍വരാജ്, പ്രിന്‍സിപ്പല്‍ സുഭദ്രാമുരളീധരന്‍, നാടന്‍പാട്ട് കലാകാരി പ്രസീത, ഡോ. മുരളീധരന്‍, അരുണ എന്നിവര്‍ സംസാരിച്ചു. പല്ലശ്ശന ഭാസ്‌കരനും സംഘവും അവതരിപ്പിച്ച കണ്യാര്‍കളിയും ഉണ്ടായി.