കാരുണ്യത്തിന്റെ വഴിയേ സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍

Posted By : pkdadmin On 18th August 2015


 പട്ടാമ്പി: പഠനത്തിനപ്പുറം കാരുണ്യത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ആലൂര്‍ എ.എം.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌കൂളിലെ നിര്‍ധനരായ കുട്ടികളെ തിരഞ്ഞെടുത്ത് 61-ഓളം പേര്‍ക്ക് ഇവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്വയം സന്നദ്ധരായും മറ്റുള്ള വിദ്യാര്‍ഥികളില്‍നിന്ന് പിരിവെടുത്തുമാണ് ഇവര്‍ ഇതിനുള്ള തുക സമാഹരിച്ചത്.
21 പേരടങ്ങുന്ന ക്ലബ്ബംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീരാഗ്, ദേവികാദാസ് എന്നിവരാണ്. അശരണരും നിര്‍ധനരുമായവരെ കണ്ടെത്തി സഹായിക്കുക, സഹപാഠികളുടെ ദുഃഖത്തില്‍ കൂടെ നില്‍ക്കുകയും സാമ്പത്തികസഹായമുള്‍പ്പെടെയുള്ളവ നല്‍കുക...ഇതൊക്കെയാണ് ക്ലബ്ബംഗങ്ങളുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ദിവസം സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് സഹായഹസ്തവുമായി ക്ലബ്ബ് അംഗങ്ങള്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. പഠനോപകരണവിതരണം പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബി. രാജലക്ഷ്മി, എം. നാരായണന്‍, കെ. ഉണ്ണിക്കൃഷ്ണന്‍, പി.എസ്. വിനീത്, അനിത, പത്മിനി എന്നിവര്‍ സംസാരിച്ചു.