പച്ചക്കറി വിത്തുമായി ചങ്ങരം ഗവ. യു.പി. എസ്സിലെ വിദ്യാര്‍ഥികള്‍ തുറവൂര്‍: വീടുകളില്‍ വിഷമില്ലാത്ത പച്ചക്കറിയൊരുക്കാന്‍ സീഡിന്റെ കുരുന്നുകൂട്ടം. ചങ്ങരം ഗവ. യു.പി.എസ്സിലെ മാതൃഭൂമി സീഡിലെ കുട്ടികളാണ് കുടുംബകൃഷിക്കായി തയ്യാറെടുക്കുന്നത്. ഇതിനായി കോടംതുരുത്ത് കൃഷിഭവന്‍വഴി സമാഹരിച്ച വിത്തുകള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്ക് വിത്ത് നല്‍കുന്നതോടൊപ്പം രക്ഷിതാക്കളെയും കൃഷിക്ക് തയ്യാറെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപകരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കും. കുട്ടികള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. പരിസ്ഥിതിദിനത്തില്‍ വിതരണം ചെയ്ത വൃക്ഷത്തൈകളുടെ വളര്‍ച്ച കഴിഞ്ഞദിവസം സീഡ് അംഗങ്ങള്‍ വീടുകളിലെത്തി വിലയിരുത്തിയിരുന്നു. പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ശോഭ വിജയന്‍ നിര്‍വഹിച്ചു. എസ്.എം.സി. ചെയര്‍മാന്‍ കെ.എസ്. ധര്‍മജന്‍, പ്രധാന അധ്യാപിക പി.കെ. റോസമ്മ, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഗീത എന്‍. റാവു, എസ്.എം.സി. മെമ്പര്‍ മനോഹരന്‍, റീന ജോസി, രാമപ്രസാദ് എന്നിവര്‍ പങ്കെടുത്തു.