കൂത്തുപറമ്പ്: പാട്ടത്തിനെടുത്ത രണ്ടര ഏക്കറില്‍ ജൈവരീതിയിലൂടെ പീച്ചിങ്ങ (പൊട്ടിയ്ക്ക, താലോലിക്ക) കൃഷിയിറക്കി ഗിരേഷ് നൂറുമേനി വിളവ് കൊയ്തു. പാട്യം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ഗിരിജന്‍ കോളനിയിലാണ് ഭൂമി പാട്ടത്തിനെടുത്ത് ശാസ്ത്രീയരീതി അവംലംബിച്ച് യുവകര്‍ഷകനായ കണ്ണവം വെളുമ്പത്ത് കുഞ്ഞിപറമ്പത്ത് വീട്ടില്‍ ടി.ഗിരേഷ് കൃഷിയിറക്കിയത്. മെയ്മാസത്തില്‍ നിലമൊരുക്കി കുഴികളെടുത്തു. ചാണകം, കോഴിവളം, മറ്റ് ജൈവവളങ്ങള്‍, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്ത് പിന്നീട് ഈ കുഴികള്‍ മൂടി. കുഴികളുടെ മുകളിലായി അരയടി ഉയരത്തില്‍ തടമുയര്‍ത്തിയാണ് വിത്ത് പാകിയത്.
കൃഷിയുടെ ഓരോഘട്ടത്തിലും ജൈവകീടനാശിനികള്‍ ഉപയോഗിച്ചതിനാല്‍ കീടങ്ങളെ നിയന്ത്രിക്കാനും സാധിച്ചു. ജൂലായ് അവസാനവാരം പീച്ചിങ്ങയുടെ ആദ്യവിളവെടുപ്പ് നടത്തി.
മൂന്ന് ഘട്ടങ്ങളിലായി നടന്ന വിളവെടുപ്പില്‍ ഇതിനകം അഞ്ച് കിന്റലോളം പീച്ചിങ്ങ വിളവെടുക്കാനായി. പാട്യം കൃഷി ഓഫീസര്‍ കെ.പ്രമോദ്, കൃഷി അസിസറ്റന്റ് അഖില്‍ എന്നിവര്‍ തോട്ടം സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വേനല്‍കാലത്ത് പയര്‍, പാവയ്ക്ക, വെണ്ട എന്നിവ കൃഷിചെയ്ത് നല്ല വരുമാനം ലഭിച്ചതിന്റെ ആത്മവിശ്വാസമാണ് മഴക്കാലത്ത് പീച്ചിങ്ങ കൃഷിയിറക്കാന്‍ ഗിരേഷിന് പ്രേരണയായത്. ജില്ലാ ഗ്രീന്‍വിഷന്‍ എര്‍ത്ത് മൂവ്‌മെന്റ് സൊസൈറ്റിയിലെ രാജന്‍ വേങ്ങാടാണ് മണ്ണ് ഒരുക്കുന്നതിനുള്ള പരിശീലനം നല്‍കിയത്.
കണ്ണവം യു.പി.സ്‌കൂള്‍ സീഡ് ക്ലംബ്ബംഗങ്ങള്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ തോട്ടം സന്ദര്‍ശിച്ചു. സ്‌കൂളിലെ മഴമറ യൂണിറ്റിലെ ഗ്രോബാഗ് കൃഷിരീതി വിദ്യാര്‍ഥികള്‍ ഗിരേഷിന് വിശദീകരിച്ചുനല്‍കുകയും ചെയ്തു.