നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വേേേട്ടക്കാട്, പണപ്പൊയിൽ, എരഞ്ഞിമങ്ങാട് പ്രദേശങ്ങളിലെ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് എരഞ്ഞിമങ്ങാട് ഗവ. യു.പി.സ്‌കൂളിലെ സീഡ് പ്രവർത്തകർ ചാലിയാർ മെഡിക്കൽഓഫീസർക്ക് നിവേദനംനൽകി. മെഡിക്കൽ ഓഫീസർക്കായി ചാലിയാർ പി.എച്ച്.സിയിലെ ഡോ. അഖിൽ പി. ഇസ്ഹാഖ് നിവേദനം സ്വീകരിച്ചു.
ഇവരുടെ ഇരുപതോളം സഹപാഠികൾ വിവിധ ആസ്പത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീഡ് പ്രവർത്തകർ മെഡിക്കൽഓഫീസർക്ക് നിവേദനം നൽകിയത്. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ പേരുവിവരങ്ങളും അവർ താമസിക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങളും ആരോഗ്യവകുപ്പിന് കൈമാറി.
ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങൾ റിപ്പോർട്ട്‌ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ കൊതുക് ഉറവിടനശീകരണപ്രവർത്തനങ്ങളോ ഫോഗിങ്ങോ നടന്നിട്ടില്ലെന്ന് സീഡ് ക്‌ളബ്ബ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സീഡ് അംഗങ്ങളുടെ ഇടപെടലിനെത്തുടർന്ന് ശനിയാഴ്ച 10ന് വേട്ടേക്കാട് ജങ്ഷനിലെ സൃഷ്ടി വായനശാലയിൽ ആരോഗ്യവകുപ്പിന്റെയും സീഡ് ക്‌ളബ്ബിന്റെയും നേതൃത്വത്തിൽ ഉണർവ്ഡെങ്കിപ്പനി ബോധവത്കരണ ക്‌ളാസും വീടുസന്ദർശനവും കൊതുക് ഉറവിടനശീകരണപ്രവർത്തനവും ഫോഗിങ്ങും നടത്താൻ തീരുമാനമായി.