'സീഡ് ഹരിതവിദ്യാലയം' അഭിമാന പുരസ്‌കാരം ജവഹര്‍ നവോദയ വിദ്യാലയയിലെ സീഡ് പ്രവര്‍ത്തകര്‍ക്ക്‌

Posted By : SEED SPOC, Trivandrum On 4th August 2015


വിതുര: മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചതുമുതല്‍ പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയുമായി മികച്ച പങ്കാളിത്തത്തോടെ ചെറ്റച്ചല്‍ ജവഹര്‍ നാവോദയ സ്‌കൂളിലേക്ക് ഇത്തവണയും മാതൃഭൂമി സീഡ് പുരസ്‌കാരമെത്തി. സീഡ് 2014-15 പദ്ധതിയില്‍ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്.
മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളോടൊപ്പം ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തി. പച്ചില 2014 എന്ന വിദ്യാലയ കൃഷി ഡോകുമെന്ററി തയ്യാറാക്കിയത് സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങളാണ്. കേര സംരക്ഷണത്തിനും തെങ്ങുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ പ്രചാരണത്തിനും ലഘുലേഖ വിതരണവും ഇവിടെ നടന്നു. സീഡ് പോലീസംഗങ്ങളുടെ നേതൃത്വത്തില്‍ വനശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.
സ്‌കൂളിന് സമീപത്തെ ജലസ്രോതസ് സംരക്ഷണത്തോടൊപ്പം സമീപത്തെ ആദിവാസി സെറ്റില്‍മെന്റുകളിലും കുട്ടികള്‍ പ്രവര്‍ത്തിച്ചു. ആദിവാസികള്‍ക്കിടയിലെ വര്‍ധിച്ച ലഹരി ഉപഭോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ മുന്നിട്ടിറങ്ങിയത്. ലഹരിയുടെ ദോഷവശങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള ഹ്രസ്വചിത്ര പ്രദര്‍ശനവും നടന്നിരുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങള്‍ മനസ്സിലാക്കുന്നതിന് പ്ലാസ്റ്റിക് എന്ന പേരില്‍ ഹ്രസ്വചിത്രം ഇവിടെ നിര്‍മിച്ചിരുന്നു.
മഷിപ്പേന, എല്‍.ഇ.ഡി. ബള്‍ബ് പ്രചാരണം തുടങ്ങി മാതൃഭൂമി സീഡ് പദ്ധതിയിലെ എല്ലാ മേഖലയിലും സ്‌കൂള്‍ പ്രവര്‍ത്തനമികവ് പ്രകടിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജയകുമാറിനൊപ്പം നേതൃത്വം നല്‍കിയ വിദ്യാര്‍ഥി പ്രതിനിധികളായ അനഘ ബി.എഫ്. ആണ് ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് പ്രവര്‍ത്തകയായി തിരഞ്ഞെടുക്കപ്പെട്ടത്.