കലാം സ്മരണയില്‍ അരീപ്പറമ്പ് ഗവ. എച്ച്.എസ്.എസ്സില്‍ ഞായറാഴ്ച സീഡിന്റെ 'അധിക പ്രവൃത്തിദിനം'

Posted By : ktmadmin On 3rd August 2015


അരീപ്പറമ്പ്: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന് പ്രണാമം അര്‍പ്പിച്ച് ഞായറാഴ്ച 'അധിക പ്രവൃത്തിദിനം' ആചരിച്ച് അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍.
സ്‌കൂള്‍വളപ്പിലെ കഞ്ഞിപ്പുരയ്ക്ക് സമീപം മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആദ്യം ഈ ഭാഗത്തുനിന്ന് മാലിന്യം നീക്കം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ കൊണ്ടുവന്ന റോസ്, മുല്ല തുടങ്ങിയ ചെടികള്‍ നട്ട് 'എന്റെ വിദ്യാലയം എന്റെ പൂന്തോട്ടം' പദ്ധതിക്ക് തുടക്കംകുറിച്ചു.
സ്‌കൂളിന്റെ ഒരു ഒഴിഞ്ഞഭാഗത്ത് കുഴിയെടുത്ത് മാലിന്യം ഇടുന്നതിന് സൗകര്യമുണ്ടാക്കി. അടുത്തതായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പേപ്പര്‍ബാഗ് നിര്‍മാണം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സീഡ് അംഗങ്ങള്‍.
സ്‌കൂള്‍ നേച്ചര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന അധികപ്രവൃത്തി ദിനാചരണം സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ ഒ.വി.ഷൈനോജ് ഉദ്ഘാടനം ചെയ്തു. സീഡ് സ്റ്റുഡന്റ് ലീഡര്‍ എ.കെ.അലന്‍, രാജേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം 31 പേരാണ് പൂന്തോട്ട നിര്‍മാണത്തില്‍ പങ്കെടുത്തത്.