തിരുവേഗപ്പുറ: ജൈവകൃഷിയില്‍ പുതിയ അറിവുകള്‍ തേടി നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ ശ്രീകൃഷ്ണപുരത്തെ ഫാം സ്‌കൂള്‍ സന്ദര്‍ശിച്ചു. ജൈവകര്‍ഷകനും പ്രകൃതിസ്‌നേഹിയുമായ പി.വി. കളത്തില്‍ അരവിന്ദന്റെ ഫാം സ്‌കൂളാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍ സന്ദര്‍ശിച്ചത്.
ഇവിടത്തെ വൈവിധ്യമാര്‍ന്ന സസ്യങ്ങളുടെ അത്ഭുതലോകം കുട്ടികളില്‍ കൗതുകമുണര്‍ത്തി. വിദേശരാജ്യങ്ങളിലെ സസ്യങ്ങളും ജലത്തെ ക്രിസ്റ്റല്‍ ഘടനയിലാക്കാന്‍ കഴിയുന്ന അപൂര്‍വസസ്യങ്ങളും ഫാം സ്‌കൂളില്‍ ഉണ്ടായിരുന്നു. അന്യംനിന്നുപോകുന്ന സസ്യലതാദികള്‍ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജൈവകൃഷിരീതികളെക്കുറിച്ചും അരവിന്ദന്‍ ക്ലാസെടുത്തു. കുട്ടികളുടെ സംശയനിവാരണവും നടത്തി.
ഫാം സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ ജൈവപച്ചക്കറിത്തോട്ടം നിര്‍മിക്കാനൊരുങ്ങുകയാണ് സീഡ് അംഗങ്ങള്‍. പഠനയാത്രക്ക് പ്രധാനാധ്യാപകന്‍ ലംബോദരന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ. ബീന, കെ. പ്രമോദ്, എന്‍.എ. ബീന, നരേന്ദ്രന്‍, ടി.എം. സുധ എന്നിവര്‍ നേതൃത്വം നല്‍കി.