പരവൂര്‍ ആയിരവില്ലി മുനിസിപ്പല്‍ യു.പി.എസിലെ കുട്ടികള്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നുലോക ജനസംഖ്യാദിനം
പരവൂര്‍: ലോക ജനസംഖ്യാദിനത്തില്‍ സ്‌കൂളിന് ചുറ്റമുള്ള മൂന്ന് വാര്‍ഡുകളില്‍ കുട്ടികളുടെ വിവരശേഖരണത്തിന് എത്തിയത് സീഡ് ക്ലബ്ബിലെ കുട്ടി എന്യൂമറേറ്റര്‍മാര്‍. പരവൂര്‍ കൂനയില്‍ ആയിരവില്ലി മുനിസിപ്പല്‍ യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ശനിയാഴ്ച രാവിലെ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്‌കൂളിലെ സ്മാര്‍ട്ട് പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് വീടുകളില്‍ എത്തിയത്.
ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും പേരും വിലാസവും തൊഴിലും കുടുംബം എ.പി.എല്ലോ, ബി.പി.എല്ലോ എന്ന വിവരം, വീട്ടിലെ കുട്ടികളുടെ എണ്ണം, പേര്, പഠിക്കുന്ന സ്‌കൂള്‍, ഏത് ക്ലാസ്സില്‍, ഏതുതരം സ്‌കൂള്‍, വീട്ടില്‍നിന്ന് സ്‌കൂളിലേക്കുള്ള ദൂരം, കുട്ടികള്‍ ഭാവിയില്‍ ആരായിത്തീരാന്‍ ആഗ്രഹിക്കുന്നു എന്നു തുടങ്ങിയ വിവരങ്ങളാണ് സെന്‍സസിലൂടെ ശേഖരിച്ചത്. ഒപ്പം വീട്ടിലെ അടിസ്ഥാന വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ അധ്യാപികമാരായ ആഭാ ദിവാകരന്‍, ശ്രീന അശോക്, സ്‌കൂള്‍ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന സ്മാര്‍ട്ടിന്റെ അംഗങ്ങളായ കെ.സന്തോഷ്, വിനോദ്, നഗരസഭാ കൗണ്‍സിലര്‍ കെ.ബിനു എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ ലീഡര്‍ അശ്വിന്‍, സീഡ് ക്ലബ്ബ് അംഗങ്ങളായ അനുജ, അഭിനവ്, ശ്രീലക്ഷ്മി, അഖില്‍, പ്രജിത്ത്, രാഹുല്‍, ശ്രീരാഗ്, പ്രവിത്ത്, ശ്രീജിത്ത്, സ്മാര്‍ട്ട് കണ്‍വീനര്‍ എം.ഹരികൃഷ്ണന്‍ എന്നിവരും വിവരശേഖരണത്തില്‍ പങ്കാളികളായി.
വീടുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് നഗരസഭകള്‍ വഴിയും സന്നദ്ധസംഘടനകള്‍ വഴിയും ഇത് ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്ന് സ്‌കൂളിലെ സ്മാര്‍ട്ട് പ്രവര്‍ത്തകര്‍ അറിയിച്ചു.
പേരാല്‍, ആയിരവില്ലി, പശുമണ്‍ വാര്‍ഡുകളിലെ വിവരങ്ങളാണ് ശേഖരിക്കുന്നത്.