സീഡ് ക്ലബ്ബിന്റെ സമരം ഫലം കണ്ടു സ്‌കൂളിലേക്കുള്ള പാലത്തിന് അനുമതി

Posted By : klmadmin On 31st July 2015


 

 
 
കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി അഭിമാനിക്കാം. വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ നൂറ്റാണ്ട് പഴക്കമുള്ള കല്ലുപാലത്തിന് പകരമായി താത്കാലിക പാലം നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഏഴ് ലക്ഷം രൂപയുടെ അടിയന്തര പദ്ധതിക്കാണ് അംഗീകാരം. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 27ന് രാത്രിയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് രാജഭരണകാലത്തെ നിര്‍മ്മിതിയായ കല്ലുപാലം(കുഴിവേലില്‍ പാലം) ഒലിച്ചു പോയത്. പാലമില്ലെങ്കില്‍ തോടിന് അക്കരെയുള്ളവര്‍ക്ക് സ്‌കൂളിലെത്താന്‍ കുന്നിക്കോട് ടൗണിലെ ഗതാഗതത്തിരക്കിലൂടെ രണ്ടര കിലോമീറ്റര്‍ ചുറ്റേണ്ടി വരും. ആവണീശ്വരം സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ തൊട്ടടുത്ത ദിവസംതന്നെ പ്രകടനം നടത്തി. അടിയന്തിരമായി താത്കാലിക പാലം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥിപ്രകടനം. അതേ ദിവസംതന്നെയാണ് പാലം തകര്‍ന്ന വിവരം അറിയിക്കാനായി വിളക്കുടി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി.പി.ഐ. നേതാവ് എം.അജിമോഹനും കോണ്‍ഗ്രസ് നേതാവ് വി.എസ്. വിനോദും മുഖ്യമന്ത്രിയെ സമീപിച്ചത്. 
സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് നേതാവുമായ ആര്‍.പദ്മഗിരീഷിന്റെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്. 
സ്‌കൂളിലെ സീഡ് ക്ലബ്ബ് നടത്തിയ സമരത്തെക്കുറിച്ചും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. 
വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ഈ ഉറപ്പാണ് ഏഴ് ലക്ഷത്തിന്റെ താത്കാലിക പാലം നിര്‍മ്മാണത്തിനുള്ള അനുമതിയായത്. പാലത്തിന് ടെന്‍ഡര്‍ നല്‍കുന്നതടക്കമുള്ള തുടര്‍നടപടികള്‍ കളക്ടറേറ്റില്‍ നിന്നാണ് പുരോഗമിക്കേണ്ടത്.
. താത്കാലിക പാലത്തിന് വേഗത്തില്‍ അനുമതി നല്‍കാന്‍ നടപടി സ്വീകരിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദ്യാര്‍ഥികള്‍ കത്തെഴുതുമെന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ മീര ആര്‍.നായര്‍, ക്ലബ്ബ് ചെയര്‍മാന്‍ സജാദ്, സെക്രട്ടറി ആര്യ പി.നായര്‍, ജോ. സെക്ര. സൂര്യനാരായണന്‍ എന്നിവര്‍ അറിയിച്ചു.