പൊയിനാച്ചി: പാറപ്പുറത്ത് മണ്ണിട്ട് നെല്‍ക്കൃഷി ചെയ്യുന്ന ആവേശത്തിലാണ് മുന്നാട് ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍. രണ്ടുസെന്റ് സ്ഥലത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും ഖാദ്യശ്രീ ഹരിതക്ലബ്ബും ചേര്‍ന്നാണ് കൃഷിയിറക്കിയത്.
ഒരുമാസത്തോളം നീണ്ട ശ്രമദാനത്തിലൂടെ കുട്ടികള്‍ ആദ്യം പാറപ്പുറത്ത് മണ്ണുനിറച്ചു.
പിന്നീട് എക്കല്‍ നിറഞ്ഞ മേല്‍മണ്ണ് ശേഖരിച്ചു പുതയുണ്ടാക്കി. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കു മഴകുറഞ്ഞത് ഇവരെ ആശങ്കപ്പെടുത്തിയിരുന്നു. മഴ വീണ്ടും ശക്തിപ്പെട്ടതോടെ ഒരുങ്ങിയമര്‍ന്ന മണ്ണില്‍ വിദ്യാര്‍ഥികള്‍ കൊട്ടും കുരവയുമായി നെല്‍വിത്ത് വിതറി. സീഡ് അംഗം സ്വാതി കൃഷിഭവനില്‍നിന്ന് കൊണ്ടുവന്ന 'ആതിര' ഇനമാണ് വിതച്ചത്. ആടുമാടുകള്‍ മേഞ്ഞ് ശല്യമുണ്ടാക്കുന്ന സ്ഥലമായതിനാല്‍ കുട്ടികള്‍ നെല്‍ക്കൃഷിക്ക് ചുറ്റും ജൈവവേലി തീര്‍ത്തിരിക്കുകയാണിപ്പോള്‍.
പുത്തരിസദ്യയ്ക്ക് ഓണത്തിന് കോവലും വെണ്ടയും പയറും വെള്ളരിയും സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍തന്നെ വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് അംഗങ്ങള്‍.
സ്‌കൂള്‍ പ്രഥമാധ്യാപിക പി.കെ.വിജയലക്ഷ്മി, ഫിലിപ്പ് ചെറുകുന്നേല്‍, വേണുഗോപാലന്‍, ആനന്ദകൃഷ്ണന്‍, സീമ , ശ്യാംകുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.