കുട്ടികള്‍ ജീരകശാല നട്ടു; കൃഷി ആഘോഷമാക്കി സീഡ്

Posted By : ksdadmin On 17th July 2015


 

 
വെള്ളരിക്കുണ്ട്: നാടന്‍പാട്ടിനൊപ്പം താളത്തില്‍ ഞാറുനട്ട് കുട്ടികള്‍.
 കൂടെ കൃഷിയുടെ പഴയപാഠങ്ങള്‍ പങ്കുവെച്ച് കര്‍ഷകരായ പള്ളിക്കി കുഞ്ഞമ്പു നായര്‍. മണ്ണിന്റെ മണമറിഞ്ഞ് കൃഷി ആഘോഷമാക്കുകയായിരുന്നു പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റംഗങ്ങള്‍.  
പഴയകാല നെല്‍വിത്ത് കണ്ടെത്തി കൃഷിയിറക്കണമെന്നതായിരുന്നു സീഡംഗങ്ങളുടെ ആഗ്രഹം. വിത്തുവിതച്ച് ഞാറാക്കി സ്വന്തംപടത്ത് നടാന്‍ സൗകര്യമൊരുക്കിയത് കര്‍ഷകനായ കുഞ്ഞമ്പു നായരാണ്. ജീരകശാലയെന്ന പഴയകാലത്തെ ഏറ്റവുംനല്ല വിത്ത് ഇതിനായി തിരഞ്ഞെടുത്തതും അദ്ദേഹം തന്നെ. 
ജീരകശാല വിളഞ്ഞാലുണ്ടാകുന്ന സുഗന്ധം മുതല്‍ പഴയകാല നെല്‍വിത്തുകളുടെ നിരവധി പ്രത്യേകതകള്‍ കുട്ടികള്‍ക്ക് മുതിര്‍ന്നകര്‍ഷകര്‍ പറഞ്ഞുകൊടുത്തു.  കൊയ്ത്തിന് വരുമെന്ന ഉറപ്പോടെയാണു കുട്ടികള്‍ പാടത്തുനിന്ന് കയറിയത്. 
നീലേശ്വരം ബി.എഡ്. കോളേജിലെ വിദ്യാര്‍ഥികളും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.സതീഷ്ബാബു, കെ.എം.വേണുഗോപാലന്‍, പി.വി.സുനില്‍, മുഹമ്മദ്‌റാഫി എന്നിവര്‍ നേതൃത്വംനല്കി.