സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിഷരഹിതപച്ചക്കറിയുമായി ജൈവഗ്രാമം പദ്ധതി

Posted By : pkdadmin On 16th July 2015


 വല്ലങ്ങി: ആരോഗ്യകരമായ ജീവിതത്തിലേക്ക് നമുക്കൊരുമിച്ച് കൈകോര്‍ത്ത് മുന്നേറാമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ ഭവനങ്ങള്‍തോറും പച്ചക്കറിവിത്തുമായി കയറിയിറങ്ങുകയാണ്. വല്ലങ്ങി വി.ആര്‍.സി.എം. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് പുളിക്കല്‍ത്തറ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ വിഷരഹിതപച്ചക്കറിയെന്ന സന്ദേശവുമായി പച്ചക്കറിവിത്തുമായി വീടുകളിലെത്തിയത്. 
ക്ലബ്ബ് അംഗങ്ങള്‍ ജൈവകര്‍ഷകരില്‍ നിന്ന് ശേഖരിച്ച വെണ്ട, പയര്‍, മത്തന്‍, തുവര, വെള്ളരി, കയ്പ, കുമ്പളം തുടങ്ങിയ വിത്തുകളാണ് ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി 60 വീടുകളില്‍ എത്തിച്ചത്. 
പരിപാടിയുടെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ് നിര്‍വഹിച്ചു. സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എം. വിവേഷ്, ബ്ലോക്ക് പഞ്ചായത്തംഗം സി.സി. സുനില്‍, ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് വി. കലാധരന്‍, ഷാഹുല്‍ഹമീദ്, രാജീവ് മേനോന്‍, അശോക് നെന്മാറ, ഓനൂര്‍പള്ളം രാജന്‍ എന്നിവര്‍ സംസാരിച്ചു.