സീഡ് പോലീസ് രംഗത്തിറങ്ങിയപ്പോള്‍ 'ക്രൂശിത' മരങ്ങള്‍ക്ക് മോചനം

Posted By : Seed SPOC, Alappuzha On 15th July 2015


ആലപ്പുഴ: മരങ്ങളില്‍ ആണിതറച്ച് പരസ്യം നടത്തുന്നവര്‍ക്ക് താക്കീതുമായി സീഡ് പോലീസ് രംഗത്തിറങ്ങി. ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രംഗത്തിറങ്ങിയത്. ഇവര്‍ കളപ്പുരകൊമ്മാടി റോഡരികിലെ പത്ത് മരങ്ങളില്‍ കയറി ആണിവലിച്ചൂരിയെടുത്തു. സാമൂഹിക വനവത്കരണവിഭാഗത്തിന്റെ സഹായവും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച രാവിലെ വിദ്യാര്‍ഥികള്‍ ഈ മേഖലയിലെ മരങ്ങളില്‍ സര്‍വ്വേ നടത്തി. ആണിയടിച്ചതുമൂലം പല മരങ്ങളും ഉണങ്ങുന്നതായി കണ്ടെത്തി. ചില സ്ഥലങ്ങളില്‍ മരത്തിനു സമീപം ചവറുകൂട്ടിക്കത്തിച്ചതും പ്രശ്‌നമായിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസര്‍ എന്‍. മോഹനന്റെ സഹായത്തില്‍ മരത്തില്‍ തറച്ചിരുന്ന പരസ്യബോര്‍ഡുകള്‍ നീക്കംചെയ്തു. 25 പരസ്യ ബോര്‍ഡുകളും 69 ആണിയും വിദ്യാര്‍ഥികള്‍ നീക്കംചെയ്തു. പരസ്യം തറച്ചവര്‍െക്കതിരെ നടപടിക്ക് പരാതി നല്‍കുകയും ചെയ്തു. സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ സിജി ശിവന്‍ നേതൃത്വം നല്‍കി. ആലപ്പുഴ എസ്.ഡി.വി. സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരും വനംവകുപ്പും ചേര്‍ന്ന് പാതയോരത്തെ മരങ്ങളിലെ ആണി നീക്കംചെയ്യുന്നു