പീച്ചി:മഴ നനഞ്ഞ്, കാടറിഞ്ഞ് സീഡ് അധ്യാപകര്‍ പ്രകൃതിയുടെ പുതിയപാഠങ്ങള്‍ മനപ്പാഠമാക്കി. പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന 'മാതൃഭൂമി സീഡ്' പ്രകൃതിപഠന ക്യാമ്പിന്റെ ഭാഗമായാണ് അധ്യാപകര്‍ പീച്ചി - വാഴാനി വന്യജീവിസങ്കേതത്തിനുള്ളിലെത്തിയത്. കനത്ത മഴയെ കൂസാതെ അധ്യാപകര്‍ കാടിന്റെ അപൂര്‍വ്വമായ മഴക്കാഴ്ചകളിലൂടെ നടന്നു. പാമ്പിന്റെയും പൂമ്പാറ്റപ്പുഴുവിന്റെയും ചുറ്റും കൗതുകത്തോടെ നില്‍ക്കുമ്പോള്‍ അവര്‍, കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനായി കാടിന്റെ നേരനുഭവങ്ങള്‍ മനസ്സില്‍ കുറിച്ചെടുക്കുകയായിരുന്നു.
വനസന്ദര്‍ശനത്തിനുശേഷം ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ക്ലാസുകള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ. മോഹന്‍ദാസ് നേതൃത്വം നല്‍കി. അകമല ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സി. വിജയരാഘവന്‍ ക്ലാസെടുത്തു. സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍.ഡി. പണ്ടാല ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പീച്ചി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഓഫീസിലെ ഓഡിറ്റോറിയത്തില്‍ നടന്ന ക്ലാസില്‍ എല്‍ത്തുരുത്ത് സേവ്യര്‍ കേരളത്തിലെ പാമ്പുകളെ പരിചയപ്പെടുത്തി. ജീവനുള്ള പാമ്പുകളെ കയ്യിലെടുക്കുമ്പോഴും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ പാഠപുസ്തകത്തിനു പുറത്തുള്ള നേരറിവുകള്‍ മനസ്സിലാക്കുകയായിരുന്നു അധ്യാപകര്‍.
കഴിഞ്ഞ സ്‌കൂള്‍വര്‍ഷം ഓരോ വിദ്യാഭ്യാസ ജില്ലയിലെയും മികച്ച സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുത്ത ടീച്ചര്‍മാര്‍ക്കായാണ് പ്രകൃതിപഠന ക്യാമ്പ് ഒരുക്കിയത്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.