പുന്നപ്ര: സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കൂടുമായെത്തുന്നത് ഇനി ഒഴിവാക്കാം. പകരം എല്ലാ കൈകളിലും തുണിസഞ്ചി. അന്താരാഷ്ട്ര പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പറവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കുട്ടികള്‍ക്ക് തുണിസഞ്ചി നല്‍കിയത്.
സ്‌കൂളിലെ സീഡ് ക്ലബ്ബും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്നാണ് ദിനാചരണം നടത്തിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് എല്ലാ കുട്ടികള്‍ക്കും നല്‍കാനായി തുണിസഞ്ചി തയ്യാറാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.സുലേഖ ദിനാചരണം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ ഒ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ. ആര്‍.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപകന്‍ ടി.കുഞ്ഞുമോന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.എസ്.സുജ എന്നിവര്‍ പ്രസംഗിച്ചു.