ആളൂര്‍: രാജര്‍ഷി മെമ്മോറിയല്‍ വിദ്യാലയത്തിലെ സീഡ് പ്രവര്‍ത്തകരുടെയും അധ്യാപക- അനധ്യാപകരുടെയും സഹകരണത്തോടെ റംസാന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.
നൂറിലധികം പേര്‍ക്ക് വിദ്യാലയത്തില്‍ നോമ്പുതുറയ്ക്കായുള്ള അവസരം വിദ്യാലയാധികൃതര്‍ ഒരുക്കിയിരുന്നു. മതസൗഹാര്‍ദ്ദസദസ്സില്‍ കാരൂര്‍ ജുമാമസ്ജിദ് ഇമാം പി.കെ. സിദ്ധിക്കും കൊെമ്പാടിഞ്ഞാമാക്കല്‍ ജുമാമസ്ജിദ് ഇമാം സുനീര്‍ മൗലവിയും റംസാന്‍ സന്ദേശം നല്‍കി. കാരൂര്‍ പള്ളി വികാരി റവ. ഫാ. ജോണ്‍ കവലക്കാട്ട്, കൊടകര എസ്.എന്‍. ട്രസ്റ്റ് പ്രസിഡന്റ് രാജന്‍ ബാബു എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളായിരുന്നു. മതത്തിനും ജാതിക്കും അപ്പുറം ഇന്ന് ലോകത്തെ കാര്‍ത്തുതിന്നു കൊണ്ടിരിക്കുന്ന 'കാന്‍സര്‍' എന്ന മാരക രോഗത്തെ പ്രതിരോധിക്കാന്‍ മതം, ജാതി എന്നിവ മറന്ന് ഒത്തുചേര്‍ന്നു മുന്നേറാം എന്ന പ്രതിജ്ഞയുമായി സീഡ്-നന്മ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 'മുള്ളാത്ത' ഔഷധചെടി വിതരണം ചെയ്തുകൊണ്ടായിരുന്നു പരിപാടിയുടെ ഔപചാരിക തുടക്കം.
പഞ്ചായത്ത് പ്രസിഡന്റ് റോയ് ജെ. കളത്തിങ്കല്‍ മതാധ്യക്ഷന്മാര്‍ക്ക് ചെടികള്‍ നല്‍കികൊണ്ട് ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര സി.ഐ. സുന്ദരന്‍, കൊടകര പ്രസ്‌ക്ലൂബ് പ്രസിഡന്റ് മധു, സെക്രട്ടറി അജോ സി.കെ, വാര്‍ഡ് മെമ്പര്‍ സി.കെ. തോമസ്, പി.ടി.എ. പ്രസിഡന്റ് ജോയ്‌സണ്‍ പി.ഒ., പ്രധാനാധ്യാപിക ജൂലിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ലെയ്‌സണ്‍ ടി.ജെ. എന്നിവര്‍ സംസാരിച്ചു.