ഇരിങ്ങാലക്കുട: പെയ്തിറങ്ങുന്ന വെള്ളം ഒഴുകിപ്പോകാതെ ഭൂമിയിലേക്ക് ഇറക്കാന്‍ സീഡ് വിദ്യാര്‍ത്ഥികള്‍ മഴക്കുഴികളൊരുക്കി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റും ജലശ്രീ യൂണിറ്റും ചേര്‍ന്നാണ് മഴക്കുഴികള്‍ നിര്‍മ്മിച്ചത്. വേനല്‍ക്കാലത്തെ വരള്‍ച്ചയുടെ കാഠിന്യം കുറയ്ക്കാന്‍ മഴക്കുഴികള്‍ പ്രചാരത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മഴക്കുഴികളൊരുക്കിയത്. സ്‌കൂളിനുപുറമെ സ്വന്തം വീടുകളിലും കുട്ടികള്‍ മഴക്കുഴികളൊരുക്കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, അരുണ്‍കൃഷ്ണ, ശ്രീജിത്ത് മേനോന്‍, പ്രണവ് സുരേന്ദ്രന്‍, ഗായത്രി, സാവന്‍, അഞ്ജന, ആതിര തിലക്, ഗൗരി കെ. കര്‍ത്താ, സംഗീത, അശ്വനി വത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.