പാലക്കാട്: കടമ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള എല്ലാ വീടുകളിലും ഇപ്പോള്‍ കറിവേപ്പിന്‍തൈ ഉണ്ട്. ഒരുകൂട്ടം സീഡ് കുട്ടികളുടെ ശ്രമമാണ് സ്‌കൂളിലും വീട്ടുമുറ്റങ്ങളിലും വിഷ വിമുക്ത കറിവേപ്പിലമുതല്‍ പച്ചക്കറികള്‍വരെ വിളയിച്ചത്. ഫെഡറല്‍ബാങ്കിനൊപ്പം മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഹരിതവിദ്യാലയം അവാര്‍ഡില്‍ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ രണ്ടാംസ്ഥാനം കിട്ടിയത് കടമ്പൂര്‍ സ്‌കൂളിനാണ്.
10,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. സീഡ്പദ്ധതി വഴികാട്ടിയായപ്പോള്‍ അമ്പലപ്പാറ പഞ്ചായത്തിലെ ഏറ്റവുംനല്ല കുടുംബകൃഷിക്കുള്ള കുട്ടികര്‍ഷക അവാര്‍ഡും കടമ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ സജീഷാണ് അവാര്‍ഡ് സ്വന്തമാക്കിയത്. സ്‌കൂളില്‍ ഒരു ചെറു വനമാണ് ഇവരുടെ അധ്വാനത്തിലെ മറ്റൊരു നേട്ടം. 60 സെന്റ് മുഴുവന്‍ പച്ചപ്പ് തളിര്‍ക്കുകയാണ്. 15 സെന്റ് ജൈവവൈവിധ്യ മേഖലയായി സംരക്ഷിക്കുന്നുമുണ്ട്.
നാട്ടുകാവ് സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂള്‍മുതല്‍ പനയൂര്‍ കാവ് വരെ പാതയോരത്ത് 101 വൃക്ഷെത്തെകള്‍ െവച്ചുപിടിപ്പിച്ചു. സീഡ് കാരുണ്യനിധിയും കുട്ടിക്കൂട്ടം തുടങ്ങി. തുണിസഞ്ചി വിതരണം, വിദ്യാലയത്തിലെ കൃഷി, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ, കുളം, കിണര്‍ സംരക്ഷണ ക്ലാസുകള്‍, പരിസ്ഥിതിസംരക്ഷണ റാലികള്‍ എന്നിവയും നടത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ് കുമാര്‍, പ്രധാനാധ്യാപകന്‍ കെ. രാമന്‍കുട്ടി എന്നിവര്‍ ജാഗ്രത സീഡ് ക്ലബ്ബിന് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.