പള്ളിയാട്: സ്‌കൂള്‍കുട്ടിയെ തെരുവുനായ കടിച്ചതോടെ പള്ളിയാട് ശ്രീനാരായണ യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ്‌പോലീസ് അംഗങ്ങള്‍ നിവേദനം നല്‍കാനും ബോധവത്കരണം സംഘടിപ്പിക്കാനും രംഗത്തെത്തി. തിങ്കളാഴ്ച ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പട്ടിയുടെ കടിയേറ്റിരുന്നു.
ശ്രീനാരായണ സ്‌കൂളിലെ സീഡ് പോലീസ് അംഗങ്ങള്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് തലയാഴം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് എസ്.ദേവരാജന് നിവേദനം നല്‍കി. പ്രശ്‌നം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് അടിയന്തര നടപടി എടുക്കാമെന്ന് നിവേദക സംഘത്തിന് പ്രസിഡന്റ് ഉറപ്പ് നല്‍കി.
സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പി.പ്രദീപ്, മറ്റ് അധ്യാപകരായ ടി.ടി.ബൈജു, ടി.പി.റിനു, സീഡ് പോലീസ് അംഗങ്ങളായ കൃഷ്ണദാസ്, അഭിജിത്ത് പ്രസാദ്, അതുല്‍ സോമന്‍, അശ്വിന്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നിധീഷ് കുമാറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
തെരുവുനായശല്യം കാരണം പ്രധാനമായും രാവിലെയും വൈകീട്ടും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സീഡ് പ്രവര്‍ത്തകര്‍ നടത്തിയ വിവരശേഖരണത്തില്‍ വ്യക്തമായി.
സ്‌കൂളില്‍ പ്രത്യേകം അസംബ്ലി ചേര്‍ന്ന് ബോധവത്കരണക്ലാസ് എടുത്തു. പ്രഥമാധ്യാപിക കെ.എന്‍.ജഗദമ്മ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ വിവരിച്ചു.