പൂന്തോട്ടവും ജൈവവേലിയുമൊരുക്കി കരിച്ചേരിയിലെ കുട്ടികള്‍

Posted By : ksdadmin On 8th July 2015


 

 
കരിച്ചേരി: സ്‌കൂള്‍ കെട്ടിടത്തിനുമുന്നില്‍ കരിച്ചേരി ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ് പ്രവര്‍ത്തകര്‍ പൂന്തോട്ടമൊരുക്കി. പെരളടുക്കം ടാഷ്‌കോ ക്രഷര്‍ ഉടമ അബ്ദുള്‍ഖാദര്‍ പൂച്ചെടികള്‍ നല്കി. കെട്ടിടത്തിന്റെ മുന്‍വശം പ്രത്യേകം കല്ലുകെട്ടിത്തിരിച്ച് പ്ലാസ്റ്റര്‍ ചെയ്തശേഷം മണ്ണുനിറച്ചാണ് ചെടികള്‍ നട്ടുപിടിപ്പിച്ചത്. 
സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബും കരിച്ചേരി ഗവ. യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌കൂള്‍ പറമ്പില്‍ കൃഷിയിറക്കി. 30 സെന്റ് സ്ഥലത്ത് പി.ടി.എ.യുടെ സഹകരണത്തോടെ നിലമൊരുക്കി വെള്ളരി, വെണ്ട, കക്കിരി, പയര്‍ എന്നിവയാണ് കൃഷിയിറക്കിയത്.
കൈതച്ചക്ക കൃഷിയിറക്കി സ്‌കൂള്‍ പറമ്പിനുചുറ്റും സീഡ് പ്രവര്‍ത്തകര്‍ ജൈവവേലിയൊരുക്കി. 100ലധികം കൈതച്ചെടികളാണ് പറമ്പിന്റെ അതിര്‍ത്തിയില്‍ വെച്ചുപിടിപ്പിച്ചത്. സീഡ് പ്രവര്‍ത്തകര്‍ ശേഖരിച്ച തൈകളാണ് നട്ടത്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.മധുസൂദനന്‍, പരിസ്ഥിതി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ദിനേശന്‍ മാവില, അധ്യാപകര്‍ എന്നിവര്‍ നേതൃത്വംനല്കി.