ബേപ്പൂര്‍ സുല്‍ത്താന്റെ വീട്ടില്‍ ഭീമനാട് സ്‌കൂള്‍വിദ്യാര്‍ഥികള്‍

Posted By : pkdadmin On 7th July 2015


 അലനല്ലൂര്‍: ബഷീര്‍കഥകളുടെ ആവേശമുള്‍ക്കൊണ്ട് ബേപ്പൂര്‍സുല്‍ത്താന്റെ വീട് സന്ദര്‍ശിച്ച് ഭീമനാട് ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിനെ സ്മരിച്ചു. കഴിഞ്ഞവര്‍ഷത്തെ മാതൃഭൂമി സീഡ് ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഭീമനാട് ഗവ. യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിലെ 20 വിദ്യാര്‍ഥികളാണ് അധ്യാപകരോടൊപ്പം ബഷീറിന്റെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ 'വൈലാല'യിലെത്തിയത്.
ബേപ്പൂര്‍സുല്‍ത്താന്റെ കഥകളിലെ കഥാസന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും ജന്മം നല്‍കിയിരുന്നതും ബഷീര്‍ സന്ദര്‍ശകരെ സ്വീകരിച്ചിരുന്നതുമായ മാംഗോസ്റ്റിന്റെ തണലില്‍ വിദ്യാര്‍ഥികള്‍ അനുസ്മരണപരിപാടിക്കെത്തിയ സാഹിത്യാസ്വാദകര്‍ക്കൊപ്പം ബഷീര്‍സ്മരണ പുതുക്കിയത്.
വൈക്കം മുഹമ്മദ്ബഷീറിന്റെ ഭാര്യ ഫാബി ബഷീറും മക്കളായ അനീസും ഷാഹിനയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് വിദ്യാര്‍ഥികളെ സ്വീകരിച്ചു. ക്ലാസ് ലൈബ്രറികള്‍ വിപുലീകരിച്ച് കൂടുതല്‍ ബഷീര്‍കൃതികള്‍ വായിക്കാനും പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ പൂര്‍വാധികം മെച്ചത്തില്‍ ഇടപെടാനും ബഷീറിന്റെ കുടുംബാംഗങ്ങള്‍ കുട്ടികളെ ഓര്‍മിപ്പിച്ചു.
പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, അധ്യാപകരായ കെ. ജുവൈരിയത്ത്, എം.സബിത, കെ.സി. മിനി, സീഡ് ക്ലബ്ബ് അംഗങ്ങളായ അഭിജിത്, അനുപമ, സജ്ഹാന്‍, ആദര്‍ശ് എന്നിവരാണ് ഈ സാഹിത്യയാത്രയ്ക്ക് നേതൃത്വംനല്‍കിയത്.