പൊയിനാച്ചി: വര്‍ണവസ്ത്രങ്ങളും പൂക്കളുമണിഞ്ഞ മീനുപ്ലാവ് മണവാട്ടിയായി. അയല്പക്കത്തെ ശങ്കരന്പ്ലാവ് വരനായി നിന്നു.
കുട്ടികള്‍ വരനും വധുവിനും മാലയണിയിച്ചപ്പോള് കണ്ടുനിന്ന പെണ്‍കുട്ടികള്‍ കുരവയിട്ടു. മുന്നാട് ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് സ്കൂളിലെ ജീവനി പരിസ്ഥിതി സൗഹൃദസംഘവുമായി ചേര്‍ന്ന് പ്ലാവിന് മാംഗല്യം ഒരുക്കിയത്.
കല്യാണക്കുറി തയ്യാറാക്കിയാണ് അതിഥികളെ ക്ഷണിച്ചത്. ചടങ്ങിനെത്തിയവര്‍ക്ക് ചക്കപ്പായസവും മൂടയും ചക്കചിപ്സും ഉണ്ണിയപ്പവും ചക്ക കട്ലറ്റും വിളമ്പി. കുട്ടികള്‍ വീടുകളില്‍നിന്നാണ് ഇവ എത്തിച്ചത്. സ്കൂള്‍വളപ്പില്‍ വളര്‍ന്നുവരുന്ന പ്ലാവുകളെ സംരക്ഷിക്കാനാണ് പരിപാടിയൊരുക്കിയത്. 20 പ്ലാവിന്‍തൈകള്‍ കുട്ടികള്‍ സ്കൂള്‍വളപ്പില്‍ നടുകയും ചെയ്തു.പ്രഥമാധ്യാപിക പി.കെ.വിജയലക്ഷ്മി, ഫിലിപ്പ് ചെറുകരകുന്നേല്‍, ആനന്ദകൃഷ്ണന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.കെ.ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.