മാന്നാര്‍: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ലഹരി ഉപഭോഗത്തിനെതിരെ ബോധവത്കരണത്തിന് തെരുവ് നാടകവുമായി ഒരുസംഘം സീഡ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്‌കൂളിലെ മാതൃഭൂമി 'പ്രകൃതി' സീഡ്ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികളാണ് ലഹരിവിരുദ്ധ ബോധവത്കരണ നാടകം തെരുവില്‍ അവതരിപ്പിച്ചത്. ഒരു മദ്യപന്റെ കുടുംബജീവിതം ശിഥിലമാകുന്നതും ഒടുവില്‍ മാരകരോഗത്തിനടിമപ്പെടുമ്പോള്‍ ചെയ്ത തെറ്റിനെക്കുറിച്ച് തിരിച്ചറിവുണ്ടാവുകയും മറ്റുളളവരെ ബോധവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. സ്‌കൂളിലെ അധ്യാപികയും സീഡ് കോ ഓര്‍ഡിനേറ്ററുമായ ബി.ശ്രീലതയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നാടകം അവതരിപ്പിച്ചശേഷം മാന്നാര്‍ ബസ്സ്റ്റാന്‍ഡ്, ടൗണ്‍, പരുമലപള്ളിക്കു സമീപം എന്നിവിടങ്ങളിലുംഅവതരിപ്പിച്ചു. വൈ. ഗൗതം, ശിവശങ്കര്‍, ആല്‍വിന്‍, ഗോകുല്‍, നന്ദു, കാര്‍ത്തിക്, അഞ്ജു, വന്ദന, കാര്‍ത്തിക, ശരണ്യ, പാര്‍വതികൃഷ്ണ, അപര്‍ണ, ജിനോ, സുജിത്ത്, അര്‍ജുന്‍, അനന്തു എന്നീ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. അധ്യാപകരായ ബി.ശ്രീലത, കെ.ജയശ്രീ, പി.ആര്‍.ശ്രീലത, ഇന്ദുലേഖ എന്നിവര്‍ നേതൃത്വം നല്‍കി.