വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കൂണ്‍കൃഷി തുടങ്ങി. ക്ലാസ് മുറിയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ഒരു മുറിയിലാണ് കൃഷി ചെയ്യുന്നത്. ക്ലബ്ബിലെ രണ്ടാം വര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികളാണ് കൃഷി നടത്തുന്നത്. കൃഷിക്കായി വൈക്കോല്‍ ബഡുകള്‍ തയ്യാറാക്കുന്നതും അവ പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കുന്നതും കൂണ്‍ വിത്തുകള്‍ അതില്‍ വിതറുന്നതും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നത് കുട്ടികളാണ്. കൂണ്‍ വിത്തും അനുബന്ധ സാമഗ്രികളും വിലയ്ക്ക് വാങ്ങിയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവും നിരവധി തവണ സീഡ് ക്ലബ്ബ് കൂണ്‍കൃഷി സ്‌കൂളില്‍ നടത്തിയിരുന്നു. ഇത് വന്‍ വിജയവും ലാഭകരവുമായതിന്റെ ആവേശത്തിലാണ് ഇത്തവണയും കൃഷി തുടങ്ങിയത്. ആവശ്യക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂടാതെ സമീപ പ്രദേശങ്ങളിലെ ആളുകള്‍ക്കും കൂണ്‍ വിലയ്ക്ക് നല്‍കും. പ്രിന്‍സിപ്പല്‍ എസ്.ആര്‍. അഭില, സീഡ് കോഓര്‍ഡിനേറ്റര്‍ ബി. ബിനിമോള്‍, അധ്യാപകര്‍ എന്നിവരാണ് കുട്ടികള്‍ക്ക് കൂണ്‍ കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നത്.