പ്രകൃതിയെ അറിഞ്ഞും സംരക്ഷിച്ചും ചങ്ങങ്കരി ഡി.ബി.യു.പി.എസ്.

Posted By : Seed SPOC, Alappuzha On 1st July 2015


മങ്കൊമ്പ്: പ്രകൃതിയുടെ മാറ്റങ്ങള്‍ അറിഞ്ഞ് അവയ്കുവേണ്ട സംരക്ഷണങ്ങള്‍ നല്‍കി മാതൃകയാവുകയാണ് ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യു.പി.സ്‌കൂള്‍. ഭൂമിക്ക് തണലേകുന്ന മരങ്ങളുടെ സംരക്ഷണവും അവയെപ്പറ്റിയുള്ള പഠനവും നടത്തിയ ചങ്ങങ്കരി സ്‌കൂളും ഇത്തവണത്തെ മാതൃഭൂമിസീഡ് ഹരിത വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹരായി. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാംസ്ഥാനമാണ് സ്‌കൂള്‍ കരസ്ഥമാക്കിയത്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്‌കൂള്‍ പരിസരത്തുനിന്നാണ് വിദ്യാര്‍ഥികളുടെ ശ്രമഫലമായി പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. സംരക്ഷിത വനമേഖലയായ വീയപുരത്ത് വിദ്യാര്‍ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതിനു പുറമെ അവയുടെ സംരക്ഷണത്തിനായി വാനവും കെട്ടിക്കൊടുത്തിരുന്നു. ചിത്രശലഭങ്ങള്‍ക്കായി ഒരുക്കിയ ശലഭ പാര്‍ക്കാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച മറ്റൊരു സങ്കേതം. വിവിധ ശലഭങ്ങളെ ആകര്‍ഷിക്കാനായി 30ല്‍ പരം ചെടികളാണ് ശലഭ പാര്‍ക്കിലുള്ളത്. വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശത്ത് പാര്‍ക്കിന്റെ സംരക്ഷണമാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. കുട്ടനാടിന്റെ നെല്‍ക്കൃഷിയെപ്പറ്റിയും ജൈവവൈവിധ്യങ്ങള്‍ നേരിടുന്ന ഭീഷണിയെപ്പറ്റിയും വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. നക്ഷത്രവനവും കുട്ടിവനവും ഔഷധത്തോട്ടവുമാണ് കുട്ടികള്‍ ഇത്തവണ പ്രകൃതിക്കായി ഒരുക്കുന്നത്. കുട്ടിവനത്തിനായി അഞ്ച് സെന്റ് സ്ഥലം തയ്യാറായിക്കഴിഞ്ഞു. വനംവകുപ്പില്‍നിന്ന് വാങ്ങിയ 27 തരം വൃക്ഷതൈകളാണ് നക്ഷത്രവനത്തില്‍ നട്ട് പിടിപ്പിച്ചത്. വിഷരഹിത പച്ചക്കറി എന്ന സന്ദേശത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീഡിന്റെ നേതൃത്വത്തില്‍ കറിവേപ്പിന്‍ തൈകള്‍ വിതരണം ചെയ്തിരുന്നു. ജലസംരക്ഷണത്തിനും ഊര്‍ജസംരക്ഷണത്തിനുമായി പ്രത്യേകമായ പരിപാടികളും ഇത്തവണ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ആരംഭിക്കുമെന്ന് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററും വനംവകുപ്പിന്റെ പ്രകൃതിമിത്ര അവാര്‍ഡ് ജേതാവുമായ അധ്യാപകന്‍ ജി.രാധാകൃഷ്ണന്‍ പറഞ്ഞു. സീഡ് പ്രവര്‍ത്തനങ്ങളാണ് പ്രകൃതിമിത്ര അവാര്‍ഡിനുതന്നെ അര്‍ഹനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രധാന അധ്യാപിക ആര്‍.എസ്.ലൈസി, അധ്യാപകരായ ടി.ആര്‍.ഗിരിജകുമാരി, സി.പി.ഗിരിജകുമാരി, ആശ, രാജേഷ്‌കുമാര്‍ എന്നിവരും വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.